‘എവിടെയായിരുന്നു ഇത്രനാള്‍ , ഒരിക്കലെങ്കിലും എന്നെക്കാണാൻ വന്നില്ലല്ലോ’
കെ. കെ. മേനോന്‍
ഒരു മകരമാസ രാത്രിയിലാണെന്നു തോന്നുന്നു ഞാൻ രസകരമായ ഒരു
സ്വപ്നം കണ്ടു. ചിലപ്പോഴൊക്കെ ഡയറി എഴുതുന്ന സ്വഭാവം ഉണ്ടായിരുന്ന കാലം. എന്തു കൊണ്ടോ എന്നറിയില്ല, ഞാൻ കണ്ട വളരെ വിഭിന്നമായ രസകരമായ ഭയാനകമായ ഒരു സിനിമാ കഥപോലെയുള്ള ആ സ്വപ്നം ഞാൻ ഡയറിയിൽ
കുറിച്ചുവെച്ചിരുന്നു. അടുത്ത കാലത്ത് പഴയപുസ്തകങ്ങൾ എല്ലാം ഓരോന്നായി എടുത്തു നോക്കിയപ്പോൾ നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ചില പുസ്തകങ്ങളും എന്റെ രണ്ടു പഴയ ഡയറികളും ലഭിച്ചു. അത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു.
വളരെ ആകാംക്ഷയോടെ ഒരു ഡയറിയിലെ പേജുകൾ മറിച്ചു നോക്കി. എന്റെ കൈപ്പടയിലുള്ള നിരവധി കുറിപ്പുകൾ, ചെറിയ യാത്രാവിവരണങ്ങൾ, കോളേജിലെ മറ്റു വിശേഷങ്ങൾ, സുഹൃത്തുക്കൾ, പിന്നെ ഞാൻ ഇവിടെ പരാമർശിച്ച ഞാൻ കണ്ട സ്വപ്നത്തെ പറ്റിയും. – കാലപ്പഴകം മൂലം അക്ഷരങ്ങൾ ചെറുതായി മാഞ്ഞു പോകാൻ

തുടങ്ങിയിരുന്നു. അത് വായിച്ചപ്പോൾ മനസ്സ് നാലുപതിറ്റാണ്ടിനു മുൻപേയുള്ള മറക്കാനാവാത്ത എന്റെ മധുരാനുഭവങ്ങളിലേക്ക് പോയി. ഓർമ്മയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയപ്പോൾ മറക്കാനാവാത്ത പല മുത്തശ്ശിക്കഥകളും ഓരോന്നായി ഓർമ്മകളുടെ നാളങ്ങളായി മനസ്സിൽ തെളിഞ്ഞു വന്നു. ഞാൻ കണ്ട സ്വപ്നത്തിലേക്ക്… എന്റെ യൗവനകാലത്ത് ഉറക്കം കൊടുത്തിയിട്ടുള്ള യക്ഷിക്കഥകളും പ്രേതകഥകളും, കാണാൻ ആഗ്രഹിച്ച ഗന്ധർവന്മാരെക്കുറിച്ചുള്ള വിവരണങ്ങളും മനസ്സിൽ വെച്ച് പുലർത്തിയിരുന്ന കാലം. മനസ്സിനെ പ്രദക്ഷിണം വെച്ചു കൊണ്ടിരുന്ന ആ ചിന്തകൾ ഒരിക്കലും എന്നെ വിട്ടു പിരിയാതെ കൂടെ തന്നെ ഉണ്ടായിരുന്നു.
വീട്ടിൽനിന്ന് കുറച്ചകലെയുള്ള ഭഗവതി അമ്പലത്തിലേക്ക് രാത്രി വളരെ വൈകി ഞാൻ മെല്ലെ നടന്നു നീങ്ങി, തനിച്ച്, യക്ഷിക്കാവിൽ വിളക്കുവെച്ച് തൊഴനായി. പാലമരത്തിന്റെ ചുവട്ടിലുള്ള ഗന്ധർവ്വ തറയിൽ വിളക്ക് വെക്കണം. കയ്യിൽ കുറച്ച് തിരിയും, വിളക്ക് കത്തിക്കാൻ എണ്ണയും, ഒരു തീപ്പെട്ടിയും… ആരോ എന്നെ പിന്തുടരുന്നു

എന്ന തോന്നൽ, മനസ്സിൽ ഭയത്തിന്റെ തീനാളങ്ങൾ ആളിക്കത്താൻ തുടങ്ങി. ഇനി എന്ത് ചെയ്യും… മുന്നോട്ടു പോകണോ, തിരിച്ചു വീട്ടിലേക്ക് മടങ്ങണോ? അറിയാതെ അവിടെത്തന്നെ നിന്നു. മരിച്ചുപോയ കാരണവന്മാരുടെ രൂപങ്ങൾ ഓരോന്നായി മുന്നിൽ.
ആകെ തളർന്ന് ഇനി ഒരു അടി മുന്നോട്ടു വെക്കാൻ കഴിയാതെ ഞാൻ അവിടെ ഇരുന്നു. ദൂരെ നിന്നും ഒരു വയസ്സായ സ്ത്രീ എന്റെ നേർക്ക് നടന്നു വരുന്നതായി തോന്നി. വെള്ള വസ്ത്രമണിഞ്ഞ് മെല്ലെ മെല്ലെ നടന്നു വന്ന ആ രൂപം അടുത്തടുത്ത് വന്നപ്പോൾ ഞാൻ ആകെ സ്തംഭിച്ചുപോയി. ആയിടക്ക് മരിച്ചുപോയ എന്റെ അച്ഛമ്മ … അച്ഛന്റെ അമ്മ. ഞാൻ ഓടി അടുത്തു പോയി കെട്ടിപ്പിടിച്ച് ചോദിച്ചു ” എവിടെയായിരുന്നു ഇത്ര നാളും – ” കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. എന്നെ വിട്ടുപോയി ഒരിക്കലെങ്കിലും വന്നില്ലല്ലോ, എന്നെ കാണാൻ? ഞാൻ കരയാൻ തുടങ്ങിയപ്പോൾ എന്റെ കണ്ണുനീർ തുടച്ചു സമാധാനിപ്പിച്ച് അടുത്തിരുത്തി. എന്നിട്ട് എന്നോട് ചോദിച്ചു ” നിനക്ക് സുഖമാണോ കുട്ടി, വീട്ടിൽ എല്ലാവർക്കും സുഖമല്ലേ ? നീ എങ്ങോട്ടാണ് ഈ സമയത്ത്, തനിച്ച് ? ഇവിടെയൊന്നും അത്ര സുരക്ഷിതമല്ല എന്ന് നിനക്കറിയില്ല, അല്ലേ?”
ഞാൻ പറഞ്ഞു – എനിക്ക് യക്ഷിക്കാവിൽ പോകണം, ഗന്ധർവ്വ തറയിൽ വിളക്ക് വയ്ക്കണം, എന്റെ ആഗ്രഹം പറഞ്ഞു പ്രാർഥിക്കണം.- ശരി ഞാൻ നിന്റെ കൂടെ വരാം എന്നു പറഞ്ഞു എന്നെ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള യക്ഷിക്കാവിലേക്കും, ഗന്ധർവ്വ തറയിലേക്കും കൂട്ടിക്കൊണ്ടുപോയി. വിളക്കുവച്ച് പ്രാർത്ഥിച്ചോളൂ…

എല്ലാ കാര്യങ്ങളും നടക്കും എന്ന് അച്ഛമ്മ പറഞ്ഞു. കൽവിളക്കിൽ എണ്ണയൊഴിച്ച് തിരിവെച്ചു കൊളുത്തി ഞാൻ പ്രാർത്ഥിച്ചു ” എന്റെ ഭാവനയിയിലുള്ള, സങ്കല്പത്തിലുള്ള, ഞാൻ സ്വപ്നം കാണാറുള്ള നിത്യ കാമുകിയെ കാണുവാനായി… പച്ചക്കര കസവുമുണ്ടും വേഷ്ഠിയുമുടുത്തു, കഴുത്തിൽ പുലിനഖ മോതിരവും അണിഞ്ഞ്, മുടിയിൽ നിറയെ മുല്ലപ്പൂ ചൂടി, കയ്യിൽ തിരികൊളുത്തിയ ചങ്ങല വട്ടയുമായി മന്ദമന്ദം നടന്നുവരുന്ന അജ്ഞാതസഖിയെ കാണുവാനായ്, അരികത്തു ഒന്ന് ഇരിക്കുവാനായ്… ”
കൈപിടിച്ചു തിരികെ നടന്നു വരുമ്പോൾ അച്ഛമ്മ പറഞ്ഞു – ഇനി ഞാൻ തിരിച്ചു പോകട്ടെ, സമയമായി, നിന്നെ ഇനിയെന്ന് കാണാൻ സാധിക്കും എന്നറിയില്ല കുട്ടി. ഞാൻ സാധിക്കുമ്പോൾ വരാം.. എന്നുപറഞ്ഞ് മെല്ലെ മെല്ലെ നടന്നു നീങ്ങി. സഹിക്കാനാവാതെ വേദനയിൽ ഞാൻ കരയാൻ തുടങ്ങി. പെട്ടെന്ന് നല്ല മഴ പെയ്തു ഞാൻ ആകെ പേടിച്ചു തിരിച്ചു വീട്ടിലേക്ക് ഓടി, ഇരുട്ടിൽ പെട്ടെന്നൊരു വലിയ കുഴിയിലേക്ക് വീണു…പിന്നീടൊന്നും ഓർമയില്ല…പെട്ടെന്ന് ഞാൻ കണ്ണുതുറന്നപ്പോൾ പത്തായപ്പുരയിലെ മുറിയിൽ ഞാൻ കിടന്നിരുന്ന കട്ടിലിനു മുകളിൽ നിന്ന് താഴെ വീണു കിടക്കുന്നു.

ചുറ്റും നോക്കി ഒന്നും കാണുന്നില്ല. മുറിയുടെ നാല് ചുവരുകൾ, വിശാലമായ ജനലുകൾ, നാണിച്ച് നാണിച്ച് എത്തിനോക്കിയിരുന്ന നിലാവ് – ഇതിനെല്ലാം സാക്ഷിയായി ഒരു ഇളംകാറ്റും….സ്വപ്നമായിരുന്നോ, സത്യമായിരുന്നോ, എന്ന് മനസ്സ് ചോദിക്കുമ്പോൾ.. തീഷ്ണമായ പാല പൂവിന്റെ ഗന്ധം ആർത്തിയോടെ ഏറ്റുവാങ്ങിയ അതേ മനസ്സിനോട് ഞാൻ പറഞ്ഞു- ഈ സ്വപ്നമാണ്, സത്യം…എന്റെ അച്ഛമ്മയെ കാണിച്ചുതന്ന ഈ സ്വപ്നം എന്റെ പുണ്യമാണ്.. സുകൃതമാണ്..

ചിത്രങ്ങള്‍: ഷൈജു അഴീക്കോട്




















