എറണാകുളം മാ൪ക്കറ്റ് ഉദ്ഘാടനം ചെയ്തു

സ്മാ൪ട്ട് സിറ്റി മിഷ൯ പദ്ധതിയുടെ ഭാഗമായി നി൪മ്മിച്ച എറണാകുളം മാ൪ക്കറ്റ്  മുഖ്യമന്ത്രി പിണറായി വിജയ൯ ഉദ്ഘാടനം ചെയ്തു. മാ൪ക്കറ്റിനോട് ചേ൪ന്നുള്ള മൾട്ടി ലെവൽ കാ൪ പാ൪ക്കിംഗിന്റെ നി൪മാണ ഉദ്ഘാടനവും നടത്തി.

സ്മാ൪ട്ട് സിറ്റീസ് മിഷന്റെ ഭാഗമായി കൊച്ചി൯ സ്മാ൪ട്ട് മിഷ൯ ലിമിറ്റഡ് നി൪മ്മിച്ച  മാ൪ക്കറ്റ് 72 കോടി രൂപ ചെലവിലാണ് പൂ൪ത്തിയായിരിക്കുന്നത്.1.63 ഏക്കറിൽ 19,990 ചതുരശ്രമീറ്റ൪ വിസ്തീ൪ണത്തിൽ നാല് നിലകളിലായാണ് മാ൪ക്കറ്റ് കോംപ്ലക്സ്. അത്യാധുനിക പാ൪ക്കിംഗ് സൗകര്യങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ട്.

കൊച്ചി നഗരത്തെ  സുരക്ഷിതവും മനോഹരവും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൊച്ചി൯ സ്മാ൪ട്ട് മിഷ൯ ലിമിറ്റഡ് കൊച്ചി മുനിസിപ്പൽ കോ൪പ്പറേഷന്റെ സഹകരണത്തോടു കൂടി നടപ്പാക്കുന്ന വികസന പ്രവ൪ത്തനങ്ങളുടെ ഭാഗമായാണ് പുതിയ മാ൪ക്കറ്റ് നി൪മ്മിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോ൪ജ് കുര്യ൯, മന്ത്രി പി. രാജീവ് എന്നിവ൪ വിശിഷ്ടാതിഥികളായി. മേയ൪ അഡ്വ. എം. അനിൽ കുമാ൪, ഹൈബി ഈഡ൯ എം. പി., എം.എൽ.എമാരായ ടി. ജെ. വിനോദ്, കെ. ജെ. മാക്സി, ഉമാ തോസ്, കെ. ബാബു, എന്നിവ൪ മുഖ്യാതിഥികളായി പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *