എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കമായി 

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ തെളിവാണിത്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വമ്പൻ മൂലധന നിക്ഷേപമില്ലാതെ മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവണം. അരക്കോടിയോളം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇത്തവണത്തെ ബജറ്റിൽ 270 കോടി രൂപയാണ് കുടുംബശ്രീക്കായി നീക്കി വെച്ചത്. പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.  മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാഥിതിയായി. മേയർ ഡോ. ബീന ഫിലിപ്പ്, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഇ. കെ. വിജയൻ, പി.ടി.എ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ,  കെ എം സച്ചിൻദേവ്,  ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സി. കവിത നന്ദിയും പറഞ്ഞു.

വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ 200 ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേര്‍ക്കാഴ്ചയാണ് മേള.12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മേളയില്‍ കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും  അരങ്ങേറുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *