‘എന്റെ കേരളം’ മെഗാ പ്രദർശനത്തിന് ആവേശോജ്ജ്വല തുടക്കം

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി എന്റെ കേരളം മെഗാ പ്രദർശനത്തിന് കൊച്ചി മറൈൻഡ്രൈവിൽ തുടക്കമായി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാടിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

25 വര്‍ഷത്തിനകം കേരളത്തെ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തിനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവകേരളം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സമസ്ത മേഖലകളിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന നേർചിത്രത്തിനൊപ്പം വിപണന മേളയും, കലാസാംസ്കാരിക പരിപാടികളുമായി വൈവിധ്യമായ മേള ആദ്യ ദിവസം തന്നെ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗീതത്തിന്റെ മാന്ത്രികതയുമായി സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ നടന്ന തത്സമയ കലാപ്രകടനം ഉദ്ഘാടന രാവിനെ ആവേശഭരിതമാക്കി.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള നടക്കുന്നത്.

63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വിപണന സാധ്യതകൾക്കൊപ്പം തന്നെ സർക്കാർ സേവനങ്ങൾ അറിയുന്നതിനും ലഭ്യമാകുന്നതിനുമുള്ള അവസരവും ഒരുങ്ങുകയാണ് മേളയിലൂടെ.

വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍ , ആന്റണി രാജു , കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ , എം.എല്‍.എ.മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി.മോഹനന്‍ , കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.വി.ശ്രീനിജിന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *