എന്റെ കേരളം പ്രദര്‍ശന വിപണന മേള 17ന് തുടങ്ങും
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന- വിപണന മേള ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ഏപ്രില്‍ 17ന് വൈകുന്നേരം നാലിന് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വിവിധ വകുപ്പുകളും ഏജന്‍സികളും മുഖേന വികസന-ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്‌കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദര്‍ശനം, വില്‍പ്പന, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവയാണ് പരിപാടികളുടെ ഭാഗമായി നടക്കുക. 200 സ്റ്റാളുകളാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറിനുള്ളില്‍ ഒരുക്കിയിരിക്കുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ. യൂണിറ്റുകള്‍, കുടുംബശ്രീ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകള്‍, ടെക്‌നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള, തത്സമയ മത്സരങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.
എല്ലാ ദിവസവും വൈകുന്നേരം 6.30-ന് കലാപരിപാടികള്‍ അരങ്ങേറും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ജില്ല കളക്ടർ ഹരിത വി.കുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ജനറൽ മാനേജർ ഇൻഡസ്ട്രീസ് കെ.എസ്. ശിവകുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.