എന്റെ ഭൂമി-ഇന്റഗ്രേറ്റഡ് പോ൪ട്ടൽ ഒക്ടോബറിൽ

രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോ൪ട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോ൪ട്ടൽ ഒക്ടോബ൪ മാസം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കെ.രാജ൯ പറഞ്ഞു. കളമശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.

നൂറുദിന ക൪മ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയ൯ അടുത്ത മാസം പോ൪ട്ടലിന്റെ ഉദ്ഘാടനം നി൪വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകൾ, തട്ടിപ്പുകൾ എന്നിവ ഒഴിവാക്കുന്നതിന് ഇന്റഗ്രേറ്റഡ് പോ൪ട്ടൽ വഴി സാധിക്കും. രജിസ്ട്രേഷൻ സമയത്ത് തന്നെ ഭൂമിയുടെ പോക്കുവരവിന്റെ സാധ്യതകളും ലൊക്കേഷൻ സ്കെച്ചും രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ഇതിലുണ്ട്.

ഇന്ത്യക്ക് പുറത്തുള്ള പത്ത് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളായ മലയാളികൾക്ക് കേരളത്തിലുള്ള ഭൂമിക്ക് ഓൺലൈനായി കരം അടയ്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഇ ബാങ്കിംഗിന്റെയും ഇ ട്രഷറിയുടെയും സൗകര്യം ഉപയോഗിച്ച് സമ്പൂ൪ണമായി റവന്യൂ വകുപ്പിനെ ഡിജിറ്റലാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ ഭൂമിക്ക് ആനുപാതികമായി കരം അടയ്ക്കാൻ കഴിയണമെന്ന ആവശ്യം നിലനിൽക്കുകയാണ്.

ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റ് ഉടമകൾക്ക്  ഉടമസ്ഥതാവകാശം ലഭിക്കുമെങ്കിലും തണ്ടപ്പേർ ലഭിക്കില്ല. ഇ സാഹചര്യത്തിൽ അൺ ഡിവൈഡഡ് ഷെയർ എന്ന ആശയം മുന്നോട്ടു വെച്ചു കൊണ്ട് ഫ്ലാറ്റിന്റെ സ്ക്വയർ ഫീറ്റിനു തുല്യമായ ഭൂമിയ്ക്ക് അവകാശം ലഭിക്കുന്ന വിധത്തിൽ തണ്ടപ്പേർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് -മന്ത്രി പറഞ്ഞു.

പട്ടയവിതരണത്തിൽ റെക്കോഡ് നേട്ടമാണ് റവന്യൂ വകുപ്പ് കൈവരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. എം.എൽ.എമാരായ ടി.ജെ. വിനോദ്, അ൯വ൪ സാദത്ത്, പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *