ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ക്ഷേത്രം മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി. തൃശൂർ പെരിങ്ങാവ് പണിക്കവീട്ടിൽ ലെയ്നിൽ മാൻസരോവറിൽ ദേവീ രാമൻകുട്ടി നായരും കുടുംബവുമാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ദേവസ്വം കൊമ്പൻ ചെന്താമരാക്ഷനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, ക്ഷേത്രം അസി.മാനേജർ പി.വി.ഉണ്ണിക്കൃഷ്ണൻ, പാരമ്പര്യ അവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാട് നേർന്ന ദേവീ രാമൻകുട്ടി നായരുടെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.