ഏകാദശിക്ക് കണ്ണനെ കാണാൻ പതിനായിരങ്ങൾ

നാൽപതിനായിരത്തിലേറെ ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു

ഏകാദശിക്ക് ഗുരുവായൂരിൽ ഭക്തരുടെ പ്രവാഹമായിരുന്നു. പതിനായിരങ്ങളാണ്  ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടിയത്. രാവിലെ കാഴ്ചശീവേലിക്കു ശേഷം ശ്രീഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പഞ്ചവാദ്യം അകമ്പടിയായി.

തിമിലയിൽ പല്ലശ്ശന മുരളീ മാരാർ, മദ്ദളം – കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക- കടവല്ലൂർ മോഹനൻ മാരാർ, കൊമ്പ്-മച്ചാട് ഉണ്ണി നായർ, താളം-ഗുരുവായൂർ ഷൺമുഖൻ എന്നിവർ പഞ്ചവാദ്യത്തിൽ അണിനിരന്നു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട്

വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ നാൽപതിനായിരത്തിലേറെ പേർ പങ്കെടുത്തു.

പ്രസാദ ഊട്ടിന് തുടക്കം കുറിച്ച്  ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂരപ്പന് മുന്നിൽ ഇലയിട്ട് ഏകാദശി വിഭവങ്ങൾ വിളമ്പി. തുടർന്ന് ഭക്തരുടെ ഇലയിലും വിഭവങ്ങൾ വിളമ്പി.

വെളളിയാഴ്ച ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ച് ശുദ്ധിയായാണ് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ആദ്യം ദ്വാദശി പണ സമർപ്പണം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *