ഈ മാതൃദിനത്തിൽ അമ്മയെ ഓർക്കുമ്പോൾ

ദിവാകരൻ വിഷ്ണുമംഗലം

എൻ്റെ ചെറിയ പ്രായത്തിലേ ഞങ്ങളുടെ അച്ഛൻ മരിച്ചു. എന്നെയും എൻ്റെ മൂത്ത രണ്ട് സഹോദരിമാരെയും പിന്നെയങ്ങോട്ട്
അമ്മയും അമ്മമ്മയുമാണ് വളർത്തിയത്. അമ്മമ്മ മരിച്ചതോടെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ ഒറ്റയ്ക്ക് നോക്കി നടത്തി.

അമ്മ അമ്മമ്മയെ അമ്മ എന്ന് വിളിക്കുന്നത് കേട്ട് ഞങ്ങളും അമ്മമ്മയെയാണ് അമ്മയെന്ന് വിളിച്ചത്. അമ്മയെ ഏട്ടി എന്നാണ് ഞങ്ങൾ വിളിച്ചു വന്നത്. അച്ഛനില്ലാതായതോടെ വളരെ കരുതലോടെയും പേടിയോടെയുമാണ് അമ്മ ഞങ്ങളെ വളർത്തിയത്.

കൂട്ടുകൂടി നടക്കാനോ ദൂരെ എവിടെയെങ്കിലും യാത്ര പോവാനോ ഞങ്ങൾക്കായിരുന്നില്ല. അതു കൊണ്ടുതന്നെ പുറത്തു പോയാൽ എന്നും

സന്ധ്യയ്ക്കു മുമ്പേ വീട്ടിൽ വരുന്ന ശീലമായി. ചെറിയ പ്രായത്തിലേ വിവാഹം കഴിഞ്ഞതോടെ അമ്മയുടെ വിദ്യാഭ്യാസം എട്ടാം ക്ലാസ്സിൽ അവസാനിച്ചതാണ് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

പഴയ എട്ടാം ക്ലാസ്സാണ്. നന്നായി പഠിച്ചിരുന്നു. അന്ന് കൂടെ പഠിച്ചിരുന്നവർ പലരും ടീച്ചർമാരായി. തുടർന്നു പഠിക്കാൻ പറ്റാതിരുന്ന ജീവിത സാഹചര്യത്തിൽ അമ്മ അമ്മമ്മയോടൊപ്പം പാടത്ത് നാട്ടിപ്പണിക്കും മറ്റും പോയി ഞങ്ങളെപ്പോറ്റി വളർത്തി.

“കൊയ്ത്തുകാലത്ത്
അമ്മമ്മയും അമ്മയും മൂരാൻ പോകും
ഞങ്ങൾ കറ്റ കൊണ്ടിടാൻ പോകും
കൂലിനെല്ല് പുഴുങ്ങി അമ്മമ്മ
അടുപ്പിനു മുകളിൽ കെട്ടിത്തൂക്കിയ
ബരൂമ്മേൽ ത്രാവും
ഉണക്ക നെല്ല് കുത്തി ചോറു വയ്ക്കും
ഞങ്ങളുടെ കാഞ്ഞ വയറുനിറയ്ക്കും.”

“രാവോർമ്മ”എന്ന കവിതയിൽ ഞാൻ ആ ബാല്യകാലസ്മൃതികളെ ഇങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിൻ്റെ വിലയറിയുന്നതുകൊണ്ടാവാം ഞങ്ങളെ അമ്മ സ്ക്കൂളിൽ പഠിപ്പിക്കുന്നത് നിർത്തിയില്ല. രണ്ടു സഹോദരിമാരെ എസ്.എസ്സ്.എൽ.സി വരെ പഠിപ്പിച്ചു.പിന്നെ അവരെ ടൈപ്പ്റൈറ്റിംഗ് പഠിക്കാനയച്ചു. എന്നെ കോളേജിലയച്ചു പഠിപ്പിക്കാൻ അമ്മ തയ്യാറായി. അതിന് അമ്മാമന്മാരുടെ സഹായവും തേടി. അങ്ങനെ ഞങ്ങൾ പഠനം തുടർന്നു.

പല കൈത്തൊഴിലുകളും അമ്മ പഠിച്ചിരുന്നു. എംബ്രോയ്ഡറി ബനിയൻ തുന്നൽ, ടൈലറിംഗ്, കസേര മെടയൽ, പ്ലാസ്റ്റിക് വയർ കൊണ്ട് ബാഗ് മെടയൽ. ഇവയെല്ലാം അമ്മയിൽ നിന്ന് ഞാനും പഠിച്ചിരുന്നു. സ്ക്കൂളിൽ

പഠിക്കുമ്പോൾ അമ്മ പഠിപ്പിച്ച തരത്തിൽ പ്ലാസ്റ്റിക് ബാഗ് മെടഞ്ഞ് എനിക്ക് വർക്ക് എക്സ്പീരിയൻസിൽ സമ്മാനം കിട്ടിയിരുന്നു.

കസേര മെടയാൻ വേണ്ട ഇരുമ്പ് ഫ്രെയിം ചെമ്മട്ടംവയൽ മിനി ഇൻ്റസ്ട്രീസ് വരെ നടന്ന് പോയി കൊണ്ടുവന്നത് ഓർമ്മയുണ്ട്. അക്കാലത്ത് ഞങ്ങൾ സ്ക്കൂളിൽ പുസ്തകങ്ങൾ കൊണ്ടു പോയിരുന്നത് പ്ലാസ്റ്റിക് കെയിൻ കൊണ്ട് അമ്മ മെടഞ്ഞ ബാഗുകളിലായിരുന്നു. അമ്മ വീട്ടിൽ ടൈലറിംഗ് ക്ലാസ്സും നടത്തിയിരുന്നു.

ഓരോ തൊഴിൽ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്താൻ പ്രേരണ നൽകുന്നതായിരുന്നു അമ്മയുടെ ഓരോ ചെറു ജോലിയും. പഠിക്കുന്ന സമയത്തു തന്നെ കുട്ടികൾക്ക് ട്യൂഷനെടുക്കാനും മറ്റും എന്നെ പ്രാപ്തനാക്കിയത് അമ്മയുടെ ഇത്തരം “തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ” ചിന്തകൾ തന്നെ.

ചിങ്ങമാസങ്ങളിൽ അമ്മ വീട്ടിൽ കൃഷ്ണപ്പാട്ട് വായിക്കുന്ന പതിവുണ്ടായിരുന്നു. കൂടാതെ വടക്കൻ പാട്ടുകൾ പലതും അമ്മയ്ക്ക് മന:പാഠമായിരുന്നു. അതു പോലെ നാട്ടിപ്പാട്ടുകളും സ്കൂളിൽ പണ്ട് പഠിച്ച പല പദ്യഭാഗങ്ങളും അമ്മ ഞങ്ങൾക്ക് പാടിത്തരാറുണ്ടായിരുന്നു. മാത്രമല്ല അവയുടെ അർത്ഥവും മൂല്യവും അമ്മ പറഞ്ഞു തരും.

ഇന്നും ഏതു കാര്യം വായിക്കുമ്പോഴും ഓരോ പദത്തിൻ്റെയും വാക്യത്തിൻ്റെയും അർത്ഥം അറിഞ്ഞ് പഠിക്കാൻ പ്രേരിപ്പിക്കുന്നത് അമ്മയുടെ പദാർത്ഥഗ്രാഹകശക്തി തന്നെയാണ്. ശീലാവതി, നീതിസാരം, കമ്പരാമായണം ഇവയെല്ലാം അമ്മ വീട്ടിൽ വാങ്ങി വച്ചിട്ടുണ്ടായിരുന്നു.

അവയിലെ നൈതികബോധം ജീവിതത്തിൽ പകർത്താനും ഞങ്ങൾക്ക് ഉപദേശിക്കാനും അമ്മയ്ക്ക് വളരെ താൽപര്യമായിരുന്നു. അവസാന കാലങ്ങളിൽ ഷുഗർ വർദ്ധിച്ചതു മൂലം കണ്ണു കാണാതായപ്പോൾ അമ്മയ്ക്ക് വായിക്കാൻ പറ്റുന്നില്ലല്ലോ എന്ന വലിയ സങ്കടം ഉണ്ടായിരുന്നു.

വായന വെളിച്ചമാണെന്ന് അമ്മയ്ക്കറിയാമായിരുന്നു. സത്യം, നീതി എന്നിവയുടെ ഭാഗത്തായിരുന്നു എന്നും അമ്മ. സ്നേഹിക്കാനും ശാസിക്കാനും മനസ്സിലാക്കാനും സമാശ്വസിപ്പിക്കാനും നല്ല മാർഗ്ഗം പറഞ്ഞു തരാനും എല്ലാ കാര്യങ്ങളും ചെലവ് ചുരുക്കിയും കൃത്യമായും ചെയ്യാനും നോക്കി നടത്താനും അവയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ യഥാസമയം തരാനും അമ്മ ഞങ്ങൾക്ക് ഒരു ഉൾബലമായി എന്നും നിന്നു.

എനിക്ക് ദിവാകരൻ എന്ന് പേരിട്ടതിന്നു പിന്നിൽ അമ്മയുടെ നിരീക്ഷണബുദ്ധിയുണ്ട്. രാവിലെ സൂര്യോദയസമയത്താണ് ഞാൻ ജനിച്ചത്. ഏത് കാര്യത്തിലും യുക്തിഭദ്രമായ തീരുമാനങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. മറ്റൊന്ന് സഹജമായ നർമ്മബോധമാണ്.

അമ്മയുടെ മരണശേഷം വീട്ടിൽ വന്ന പല സുഹൃത്തുക്കൾക്കും പറയാനുണ്ടായിരുന്ന ഓർമ്മകളിൽ അവ നിറഞ്ഞുനിന്നു. പല കാര്യങ്ങൾക്കും പുരാണങ്ങളിലെ സംഭാഷണ ശകലങ്ങൾ കൊണ്ടാണ് ഞങ്ങളെ ഉപമിക്കാറ്. വടക്കൻപാട്ടിലെയും കടാങ്കോട്ട് മാക്കത്തിൻ്റെയുമെല്ലാം കഥകൾ പറഞ്ഞു തരാൻ വലിയ താൽപ്പര്യമുണ്ടായിരുന്നു.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി കുട്ടികൾക്കായി ഞാൻ രചിച്ച “ഉണ്ണിയാർച്ച “, “പാലാട്ടു കോമൻ ” എന്നീ പുനരാഖ്യാന കൃതികളുടെ സൃഷ്ടിക്ക് ഞാൻ ഏറെ ആശ്രയിച്ചത് അമ്മയുടെ വടക്കൻപാട്ടിലുള്ള ഈ അക്ഷയസമ്പത്തിനെയാണ്.

ബന്ധുക്കളോടുള്ള സ്നേഹം ആഴത്തിലുള്ളതായിരുന്നു. അതു പോലെത്തന്നെ മറ്റുള്ളവരോടും അമ്മ സ്നേഹത്തോടെ മാത്രമേ

പെരുമാറിയിട്ടുള്ളൂ. അതു കൊണ്ടു തന്നെ എല്ലാവർക്കും അമ്മയോട് സ്നേഹവും ബഹുമാനവുമായിരുന്നു.

എന്നും വൃത്തിയിലും വെടിപ്പിലും തന്നെ നിന്നു. മനസ്സിലും വാക്കിലും കർമ്മങ്ങളിലും. അമ്മയ്ക്ക് അന്ധമായ ദൈവവിശ്വാസമോ എന്നാൽ ദൈവനിഷേധമോ ഒന്നുമില്ല. അതുപോലെ ജാതി മത ഭേദമില്ലാതെ എല്ലാവരേയും ഒരേ പോലെ ഉൾക്കൊള്ളാനുള്ള മനസ്സ് അമ്മയ്ക്കുണ്ടായത് ചെറുപ്പത്തിലെ വിദ്യാഭ്യാസവും പിന്നീടുണ്ടായ വായനയും നൽകിയ ഉയർന്ന ബോധമാവണം.

ഞങ്ങൾ മൂന്നു മക്കളുടെയും വീടിൻ്റെ പണി നടക്കുമ്പോൾ അവയുടെ മേൽനോട്ടം അമ്മയായിരുന്നു. ഒന്നും പാഴായിപ്പോവാതെ എല്ലാറ്റിനും കൃത്യമായ കണക്കാണ് അമ്മയ്ക്ക്. അമ്മയ്ക്ക് കടുത്ത ദൈവ വിശ്വാസമൊന്നുമില്ല .’കുണ്ടോർ ചാമുണ്ഡിയമ്മേ ‘ എന്ന് ഇടയ്ക്ക് വിളിക്കുന്നത് കേൾക്കാറുണ്ട്.

തറവാട്ടിൽ തെയ്യത്തിനു പോവുന്നതിനെക്കുറിച്ചും പറയാറുണ്ട് അമ്പലങ്ങളിൽ അധികമൊന്നും പോയിക്കണ്ടിട്ടില്ല. എന്നാൽ വീട്ടിൽ കൃഷ്ണപ്പാട്ട്, സന്ധ്യാനാമം എന്നിവ ചൊല്ലാറുണ്ടായിരുന്നു. മടിയൻ കൂലോത്ത് പാട്ടിനോ കലശത്തിനോ പോയാൽ വടക്കൻപാട്ട് പുസ്തകങ്ങൾ, ഗൗളിശാസ്ത്രം, നീതിസാരം, തൊടുകുറിശാസ്ത്രം, കൈരേഖാശാസ്ത്രം, ശീലാവതി, കടാങ്കോട്ടു മാക്കം മുതലായ പുസ്തകങ്ങൾ വാങ്ങി വരുമായിരുന്നു.

തൊടുകുറിശാസ്ത്രം നോക്കി ഫലമറിയുന്നതും കണ്ടിരുന്നു. ഞങ്ങളെ ഉപദേശിക്കുമ്പോഴും ശാസിക്കുമ്പോഴുമെല്ലാം അമ്മ സ്‌ക്കൂളിൽ പഠിച്ച പാഠങ്ങളിലെയും ശേഷം വായിച്ച പുസ്തകളിലേയും ലോകോക്തികൾ ഉദ്ധരിക്കുക പതിവായിരുന്നു.

“താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ ” എന്ന കർമ്മഫലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ” കൊണ്ടു പോകില്ല ചോരൻമാർ കൊടുക്കും തോറുമേറിടും ” എന്ന വിദ്യയുടെ മഹത്വമറിയിക്കലുമെല്ലാം അവയിൽ ചിലതായിരുന്നു. പലതും കവിതാശകലങ്ങളായിരുന്നു. വടക്കൻപാട്ടുകളിലെയും പാട്ടുഭാഗങ്ങൾ ഉദാഹരിക്കും.

ശ്രീകൃഷ്ണചരിതം മണിപ്രവാളം അമ്മ വായിക്കുമായിരുന്നു. കൂടാതെ അതിലെ പല ശ്ലോകങ്ങളും മന:പ്പാഠവും ആയിരുന്നു. വീട് മേയാൻ വേണ്ടി പണ്ട് ഓലമടയുമായിരുന്നു. അതിനിരിക്കുമ്പോൾ ഞങ്ങൾ അക്ഷരശ്ലോകം കളിക്കാറുണ്ടായിരുന്നു. അറിയാതെ അതെന്നിൽ വൃത്ത ബോധവും കൂടെ മെടഞ്ഞിട്ടുണ്ടാവണം. എൻ്റെ കവിതയുടെ അടിവേരുകൾ അമ്മയ്ക്ക് കവിതാ ഭാഗങ്ങളോടുള്ള ഇത്തരം പ്രതിപത്തിയിൽ നിന്നാവാം.

പടിഞ്ഞാറോട്ട് നാട്ടിപ്പണിക്ക് പോയി സന്ധ്യയോടെ പെരുമഴയത്ത് കൊരമ്പയും ചൂടി നനഞ്ഞൊലിച്ച് വരുന്ന അമ്മയുടെയും അമ്മമ്മയുടെയും ചിത്രം ഇന്നും മനസ്സിൽ മായാതെയുണ്ട്. 

“കൊയക്കട്ട ” എന്ന കവിതയിൽ ഞാൻ അത് അക്ഷരപ്പെടുത്തി. കഷ്ടപ്പാടിൻ്റെ വയൽ വരമ്പിലൂടെ നടന്നെത്തിയ ബാല്യകാലത്തിൻ്റെ ഗതകാല സ്മൃതികളിൽ അവർ നട്ടുവളർത്തി വിളയേറ്റിയത് ഞങ്ങളുടെ ജീവിതമായിരുന്നു.

”ദൂരമേറെ ഗൃഹം നിൽക്കെ
ആദ്യമെത്തുന്ന ചിന്തകൾ
പ്രായമേറിയ ജൻമങ്ങൾ
കൺകളിൽ നുരയുന്നവർ

അമ്മ തൻ വിളി കേൾക്കുന്നു
ദൂരെ നിന്നു മകൻ വരാൻ
കണ്ണു പാർത്തു കിടക്കുന്ന
രോഗശയ്യകളോർമ്മയിൽ

അതിലില്ല ധനത്തിൻ്റെ
കാത്തിരിപ്പുകളേതിലും
പകരം പഴകാത്തൊ-
രെൻ്റെ രൂപമതേ നിറം’ ”

എന്ന് എൻ്റെ “ഗൃഹാതുരം” എന്ന കവിതയിൽ അമ്മ പൊഞ്ഞാറായി നിറയുന്നുണ്ട്. കണ്ടത് കണ്ടത് പോലെ ഞാൻ പറയും. അതിനാരെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല പറയണ്ടത് ആരോടും ഞാൻ നേരെ പറയും എന്നൊരു നേരേ പോ നേരെ വാ എന്ന നിലപാടായിരുന്നു അമ്മയ്ക്ക്. ഇത് പലർക്കും ഇഷ്ടപ്പെട്ടുവെന്ന് വരില്ല എങ്കിലും പിന്നീട് അത് ശരിയാണെന്ന് അവർക്ക് ബോദ്ധ്യമാവുകയും ചെയ്യും.

ആരോടും ശാശ്വതമായ ദേഷ്യമോ വൈരാഗ്യമോ അമ്മയ്ക്കുള്ളതായി കണ്ടിട്ടില്ല. കാര്യം അപ്പപ്പൊ പറഞ്ഞ് അവിടെ തീർക്കും. ഈയൊരു സ്വഭാവം കുറേശ്ശെ എനിക്കും കിട്ടിക്കാണണം.

2020 ജൂൺ 21 ന് അമ്മ ഞങ്ങളെ വിട്ടുപോയി. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആ ഒരു വലിയ ശൂന്യത ഞാനിപ്പോൾ അനുഭവിച്ചറിയുന്നു. അമ്മയുടെ ദീപ്തമായ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം.

(മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൽ നിന്ന് സീനിയർ ജിയോളജിസ്റ്റായി വിരമിച്ച കവി ദിവാകരൻ വിഷ്ണുമംഗലം കാഞ്ഞങ്ങാട് വിഷ്ണുമംഗലം സ്വദേശിയാണ് )

4 thoughts on “ഈ മാതൃദിനത്തിൽ അമ്മയെ ഓർക്കുമ്പോൾ

  1. അമ്മയെക്കുറിച്ചുള്ള ഏറ്റവും ഹൃദയസ്പൃക്കായ അനുസ്മരണം.

  2. സ്നേഹം നിറഞ്ഞ എഴുത്ത്. അമ്മയ്ക്ക് പ്രണാമം.

  3. കവിയുടെ അമ്മയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് മനസ്സിൽ തൊടുന്നതായി.
    സി ഗണേഷ്

Leave a Reply

Your email address will not be published. Required fields are marked *