29 പവൻ്റെ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ച് ദുർഗ്ഗാ സ്റ്റാലിൻ
ഗുരുവായൂരപ്പന് വഴിപാടായി പൊന്നിൻ കിരീടം. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ ഭാര്യ ദുർഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയുമാണ് ഗുരുവായൂരപ്പന് വഴിപാടായി 29.5 (236 ഗ്രാം) പവനോളം തൂക്കംവരുന്ന സ്വർണ്ണ കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്. ചന്ദനം അരക്കുന്ന ഉപകരണവും ഇവർ ക്ഷേത്രത്തിൽ സമർപ്പിച്ചു.
രാവിലെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ പി.മനോജ് കുമാർ എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
ഉച്ചപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ദുർഗ്ഗാ സ്റ്റാലിൻ നാക്കിലയിൽ സ്വർണ്ണ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും. കാണിക്കയർപ്പിച്ചു. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന സ്ഥലത്തെത്തി ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു.
തുടർന്ന് ക്ഷേത്രത്തിൽ തങ്ങിയ ഇവർ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി. ഉച്ചപൂജ അലങ്കാരത്തിനൊപ്പം താൻ സമർപ്പിച്ച പൊന്നിൻ കിരീടമണിഞ്ഞ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ദുർഗ്ഗാ സ്റ്റാലിനും ഭക്തർക്കും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ് പായസവുമടങ്ങുന്ന പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി.