ഡോക്ടറുടെ വീട്ടിലെ വിരുന്നുകാർ
കൊറോണക്കാലമായതിനാൽ ഇപ്പോൾ വീടുകളിൽ വിരുന്നുകാരില്ല.എന്നാൽ ഡോ.മോഹനന്റെ വീട്ടിൽ പാറിപ്പറന്നെത്തുന്ന അതിഥികൾ കുറേയുണ്ട്.
കൊറോണയെ പേടിച്ച് നമ്മൾ വീടുകളിൽ കഴിയുകയാണല്ലോ. ഒഴിവു സമയം മാനസികോല്ലാസത്തിനും പരിസ്ഥിതി പഠനത്തിനുമായി നമുക്ക് ഉയോഗപ്പെടുത്താനാകുമെന്ന് മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ഡയരക്ടറായി വിരമിച്ച ഡോ.പി.വി. മോഹനൻ പറയുന്നു. കണ്ണൂർ കക്കാട്ടെ 15 സെൻ്റ് വീട്ടുവളപ്പിൽ ഇതുവരെ 23 തരം പക്ഷികൾ വിരുന്നുകാരായി എത്തിയിട്ടുണ്ട്. വീട്ടിൽ വന്നു പോകുന്ന പക്ഷികളുടെ ഫോട്ടോ ആൽബം തയ്യാറാക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ കൂടിയായ മോഹനൻ. പക്ഷികളെ ആകർഷിക്കാൻ വീട്ടുപറമ്പിൽ മൺപാത്രത്തിൽ കുടിവെള്ളം വെച്ചിട്ടുണ്ട്. വേനലിൽ കുടിക്കാനും കുളിക്കാനും ഇതുപകരിക്കും.
വീട്ടുപറമ്പിൽ ഉയരമുള്ള മതിലിനു മുകളിലോ മരക്കൊമ്പിലോ മൺപാത്രത്തിൽ വെള്ളം വെക്കണം. എല്ലാ ദിവസവും വെള്ളം മാറ്റി നിറക്കണം .രാവിലെയും വൈകീട്ടുമാണ് ഇവ വെള്ളത്തിനായി വരുന്നത്. ചില പക്ഷികൾ വെള്ളം കുടിക്കുക മാത്രമല്ല ഈ വെള്ളത്തിൽ കുളിക്കുകയും ചെയ്യും.മണ്ണാത്തിപുള്ള് എല്ലാ ദിവസവും കുളിക്കാറുണ്ട്. ഒരു SLR ക്യാമറയും സൂം ലെൻസുമുണ്ടെങ്കിൽ നല്ല പടങ്ങൾ കിട്ടും.
ക്യാമറയില്ലാത്തവർക്ക് മൊബൈലിൽ സൂം ഫിറ്റ് ചെയ്യതും പടമെടുക്കാം. ഇത് ചെറിയ ക്ലാസുകളിലെ പ്രൊജക്ട് കളാക്കി മാറ്റുകയും ചെയ്യാം. പക്ഷികളെ തിരിച്ചറിയണമെങ്കിൽ നല്ല കാഴ്ചയുള്ള കണ്ണുകളും, കേൾവിയുള്ള കാതുകളും ,പക്ഷികളുടെ പടമുള്ള ഒരു പുസ്തകവും ,പെൻസിലും ,നല്ല നിരീക്ഷണ പാടവും വേണം. വീട്ടുപറമ്പിലാണെങ്കിൽ പോലും വെളുത്തതോ കടുംനിറത്തിലുള്ള തോ ആയ വസ്ത്രം ഒഴിവാക്കണം. മങ്ങിയ പച്ച നിറമുള്ളതാണ് അനുയോജ്യം നടക്കുമ്പോൾ ശബ്ദമുണ്ടാകാതിരിക്കാൻ റബ്ബർ ചെരിപ്പാണ് നല്ലത്.മരങ്ങളോ കുറ്റിചെടികളോ പുല്ലോ മറയായ സ്ഥലത്ത് അനങ്ങാതിരിക്കണം. ക്ഷമയോടെ ഒരു സ്ഥലത്തു തന്നെ ഇരിക്കുന്നതാണ് നല്ലത്. മിക്ക പക്ഷികളും പാറിപ്പറന്ന് പാട്ടു പാടി വരാറുള്ള സമയം രാവിലെയും വൈകീട്ടുമാണ്. കൊടും മഴയത്തും ശക്തമായ കാറ്റ് ഉള്ളപ്പോഴും പക്ഷികൾ മറയത്തായിരിക്കും.
നാട്ടിൻ പുറത്ത് സ്ഥിരമായി കാണുന്ന 19 ഇനങ്ങളും അപൂർവമായി കാണുന്ന നാല് ഇനങ്ങളുടെയും ചിത്രങ്ങൾ ഇതുവരെ എടുത്തു കഴിഞ്ഞു. ചാരത്തലച്ചിക്കാളി, കുറിക്കണ്ണൻ കാട്ടുപുള്ള്, പുള്ളി ചിലപ്പൻ എന്നിവ അത്ര എളുപ്പത്തിൽ കാണാൻ കഴിയുന്നവയല്ല. വയൽക്കുരുവി, വലിയ തേൻകിളി, നാട്ടിലക്കിളി, വണ്ണാത്തിപുള്ള്, മൈന, നാഗ മോഹൻ ,ചെമ്പോത്ത് ,പൂത്താങ്കീരി ബുൾബുൾ, മഞ്ഞക്കിളി, കുയിൽ, അമ്പലപ്രാവു്, ചിന്ന കുട്ടുറുവൻ, മീൻ കൊത്തി, ആനറാഞ്ചി, കാടു മുഴക്കി, ഓലാഞ്ഞേലി, കൊക്ക്, കൃഷ്ണ പരുന്ത്, ചക്കി പരുന്ത് എന്നിവയുടെ ചിത്രങ്ങളാണ് ഇതുവരെ കിട്ടിയത്.
വിദ്യാർത്ഥികൾക്കും പക്ഷികളെ നിരീക്ഷിക്കാം.
കക്കാട്ടെ വീട്ടുപറമ്പിലെത്തിയ പക്ഷികൾ
നോട്ടുബുക്കിൽ തീയ്യതി സമയം കാലാവസ്ഥ കാറ്റിൻ്റെ ഗതി. എന്നിവ കുറിച്ചു വെക്കണം പക്ഷികളെ തിരിച്ചറിയാൻ അതിൻ്റെ പടമെടുത്ത് പിന്നീട് പുസ്തകത്തിൻ്റെ സഹായത്തോടെ തിരിച്ചറിയാം. പ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഇന്ദുചൂഡൻ എഴുതിയ കേരളത്തിലെ പക്ഷികൾ ഇതിനു പറ്റിയ പുസ്തകമാണ്. ചിത്രങ്ങൾ ഷെയർ ചെയ്താൽ അപ്പോൾ തന്നെ പക്ഷികളെ തിരിച്ചറിയാൻ സഹായിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകൾ ഇക്കാലത്ത് സജീവമാണ്. കണ്ണൂർ ബേഡേർസ് അത്തരം ഒരു ഗ്രൂപ്പാണ്. നൂറിലധികം പക്ഷി നിരീക്ഷകർ അതിൽ അംഗങ്ങളാണ്.പക്ഷികളുടെ ഭക്ഷണ ശീലങ്ങൾ, തീറ്റ തിന്നുന്ന രീതി, എന്നിവ ശ്രദ്ധിക്കണം.കൂടാതെ പറക്കുന്ന രീതി,നടക്കുന്നതിലെ പ്രത്യേകത. പക്ഷി കരയുന്ന രീതി, ഇണയെ വിളിക്കുന്ന ശബ്ദം. ശത്രുവിനെ കണ്ടാലുള്ള ശബ്ദം, എന്നിവ തിരിച്ചറിയണം.
പക്ഷികളെ നല്ലവണ്ണം അറിഞ്ഞു കഴിഞ്ഞാൽ കൂടുകളും മുട്ടയും തിരിച്ചറിയാൻ കഴിയണം പക്ഷികളുടെ അടയിരിക്കലും മുട്ട വിരിഞ്ഞിറങ്ങുന്നതും, ചിറകു മുളക്കുന്നതും പറക്കാൻ പഠിക്കുന്നതുമൊക്കെ കാണാൻ നല്ല രസമായിരിക്കും. നമ്മുടെ പറമ്പിൽ ഓരോ സമയത്തും കാലത്തും വരുന്ന പക്ഷികളുടെ ലിസ്റ്റ് ആക്കി വെക്കാം. ഓരോരോ കാലത്തും സമയത്തും ഏത് തീറ്റയാണ് തിന്നുന്നത്? പക്ഷികളുടെ നിത്യേനയുള്ള പ്രവർത്തികൾ, ചമയം, പ്രണയചേഷ്ഠകൾ എന്നിവയെല്ലാം കാണാൻ ബഹുരസമുള്ളതാണ്. പ്രകൃതി പഠനം ആരംഭിക്കേണ്ടത് നമ്മുടെ വീട്ടുവളപ്പിലെ അഥിതികളെ പരിചയപ്പെട്ടുകൊണ്ടാണ്.
കിളിപ്പാട്ടുകൾ തീർത്തും അനുമാവുന്നതിനു മുമ്പ് കുറച്ചു കുട്ടികളിലെങ്കിലും അതിനെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാക്കാൻ ഇതു വഴി സാധിക്കട്ടെയെന്ന് ഡോ.മോഹനൻ പറയുന്നു. മൃഗസംരക്ഷണ വിഷയത്തിൽ 32 പുസ്തകങ്ങൾ എഴുതിയിട്ടുള്ള മോഹനന്റെ രണ്ട് പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങാനിരിക്കുകയാണ്. നാട്ടു പക്ഷികളെ കുറിച്ചാണ് ഒരു പുസ്തകം.