കൈകാലുകൾ കെട്ടി രതീഷ് നീന്തി 10 കിലോമീറ്റർ; ഇനി ലക്ഷ്യം ഇംഗ്ലീഷ് ചാനൽ

കൈകാലുകൾ കെട്ടി പത്ത് കിലോമീറ്റർ നീന്തി ഗിന്നസ് ബുക്കിലേക്ക് കുതിച്ച വിജയാഹ്ലാദത്തിലാണ് കൊല്ലം ആലപ്പാട് സ്വദേശിയായ ഡോൾഫിൻ രതീഷ്. അടുത്ത ലക്ഷ്യം ഇംഗ്ലീഷ് ചാനൽ നീന്തി കടക്കുക എന്നതാണ്. നവംബർ പതിനെട്ടിനാണ് രതീഷ് ആയിരങ്ങളെ സാക്ഷിയാക്കി അഞ്ചു മണിക്കൂർ കൊണ്ട് ടി.എസ് കനാലിൽ പത്ത്കിലോമീറ്റർ നീന്തിയത്. മംഗലാപുരത്തിനടുത്ത മൽപ്പെ കടലിൽ മൂന്നര കിലോമീറ്റർ നീന്തിയ ഗോപാൽ കാർവി എന്ന നീന്തൽ താരത്തിൻ്റെ റെക്കോഡാണ് രതീഷ് തകർത്തത്. രാവിലെ 8.50 ന്

കരുനാഗപ്പള്ളി പണിക്കരുകടവ് പാലത്തിനടുത്തു നിന്ന് നീന്താൻ തുടങ്ങി ഉച്ചയ്ക്ക് രണ്ടു മണിയോടെ അഴീക്കൽ ആയിരം തെങ്ങ് പാലത്തിനടുത്താണ് അവസാനിച്ചത്. ഇവിടെ നെഞ്ചിടിപ്പോടെ കാത്തു നിന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരുമടക്കമുള്ള ജനക്കൂട്ടം രതീഷിനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. 20 സെൻ്റീമീറ്റർ നീളമുള്ള ആമം കൈയിലും 50 സെൻ്റീമീറ്റർ നീളമുള്ളത് കാലിലും ബന്ധിച്ച് താഴിട്ട് പൂട്ടി താക്കോൽ സംഘാടകർക്ക് നൽകിയാണ് രതീഷ് കനാലിലേക്ക് ചാടിയത്. സാഹസിക നീന്തലിൽ ഇന്ത്യയിൽ

 

തന്നെ അറിയപ്പെടുന്ന രതീഷ് കേരളത്തിലും മറ്റു സ്ഥലങ്ങളിലുമായി പലതവണ നീന്തൽ യജ്ഞം നടത്തിയിട്ടുണ്ട്. തീരദേശമായ ആലപ്പാട്ടെ ചെറിയഴീക്കൽ തുറയിൽക്കുന്നിലാണ് വീട്. മത്സ്യ തൊഴിലാളിയായ കൊവ്വശ്ശേരി രാധാകൃഷ്ണൻ്റെയും കുസുമജത്തിൻ്റെയും മകനാണ്. 13 വർഷത്തോളമായി കൊല്ലം ബീച്ചിൽ കെ.ടി.ഡി.സിയുടെ ലൈഫ് ഗാർഡാണ്. ചെറുപ്പം മുതൽ തന്നെ കടലിലും ടി.എസ്.കനാലിലും സാഹസിക നീന്തൽ പരിശീലിച്ച രതീഷ് 2008 ൽ കൈയും കാലും കെട്ടി

അഴീക്കലിൽ കടലിൽ  നീന്തി ലിംക ബുക്ക് ഓഫ് റെക്കോഡ് സിൽ കയറിയിരുന്നു. പിന്നീട് സ്വന്തം റെക്കോഡ് തിരുത്തി. മൂന്നു തവണ ലിംക ബുക്കിൽ ഇടം നേടയിട്ടുണ്ട്. കടലിൽപ്പെട്ട പലരുടേയും ജീവൻ രക്ഷിച്ചതിന് സംസ്ഥാന സർക്കാറിൻ്റെ ബെസ്റ്റ് ലൈഫ് ഗാർഡ് അവാർഡും നേടിയിട്ടുണ്ട്. കടലിൽ പരിശീലനം നടത്തുമ്പോൾ ഡോൾഫിൻ നീന്തുന്ന രീതി ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഈ രീതിയിൽ നീന്തിയാലോ എന്ന ആലോചനയുണ്ടായത്.  

ഡോൾഫിൻ സ്റ്റൈലിൽ  നീന്താൻ കൈകാലുകളുടെ സഹായം വേണ്ട. ശരീരം കൊണ്ട് മുന്നോട്ട് ആഞ്ഞു കുതിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെയാണ് കൈയും കാലും കെട്ടി നീന്താൻ പരിശീലിച്ചത്. ഈ രീതിയിൽ നീന്തുന്നതിനാൽ ‘ഡോൾഫിൻ രതീഷ് ‘ എന്ന പേരും കിട്ടി. 2002 ൽ കൈയും കാലും കെട്ടി 50 അടി ഉയരത്തിലുള്ള നീണ്ടകര പാലത്തിൽ നിന്ന് ചാടി അരക്കിലോമീറ്റർ നീന്തിയാണ് ആദ്യമായി ജനങ്ങൾക്കു മുന്നിൽ പ്രകടനം നടത്തിയത്. 2003 ൽ ശരീരം പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി അഷ്ടമുടിക്കായലിൽ ഒരു കിലോമീറ്റർ നീന്തി. പിന്നീട് കേരളത്തിലെ 

 പല പുഴകളിലും സാഹസിക നീന്തൽ കാഴ്ചവെച്ചു. 2007ൽ കൈകാലുകൾ കെട്ടി എറണാകുളം പള്ളുരുത്തി റെയിൽവേ ബ്രിഡ്ജിൽ നിന്ന് ചാടി  നീന്തിയിരുന്നു. 2020 ജനവരി 12 ന് യൂത്ത് ഡേ’യിൽ കന്യാകുമാരി ബോട്ട് ജെട്ടിയിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് കൈകാലുകൾ കെട്ടി നീന്തിയിരുന്നു. അറ്റ്ലാൻ്റിക്ക് സമുദ്രത്തിൻ്റെ ഭാഗമായ ഇംഗ്ലീഷ് ചാനലിൽ നീന്തുന്നതിനായുള്ള പരിശീലനത്തിലാണ്

രതീഷ് ഇപ്പോൾ. ഇതിനായി 20- 30 കിലോമീറ്റർ നീന്തി പരിശീലിക്കുകയാണ്. 34 കിലോമീറ്ററാണ് ഇംഗ്ലീഷ് ചാനലിൽ നീന്തേണ്ടത്. 64 മീറ്ററാണ് ശരാശരി ആഴം. വെള്ളത്തിന് അഞ്ചു മുതൽ 20 ഡിഗ്രി വരെ തണുപ്പാണ്‌. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് നീന്താൻ കഠിന പരിശീലനം വേണം. കൈകാലുകൾ കെട്ടി ഈ ചാനൽ ഇതുവരെ

ആരും നീന്തിയിട്ടില്ലെന്ന് രതീഷ് പറയുന്നു. ഇതിനായി വലിയ സാമ്പത്തിക ചെലവ് വേണം. അതിന് എവിടെ നിന്നെങ്കിലും സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രതീഷ്. അടുത്ത മാർച്ചിൽ ലണ്ടനിലെത്തി ഇംഗ്ലീഷ് ചാനലിൽ കുറേ മാസം പരിശീലനം നടത്തി ഓഗസ്റ്റ് 15 ന് ചാനൽ നീന്തിക്കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രതീഷ് പറഞ്ഞു. നിജയാണ് ഭാര്യ. യദുകൃഷ്ണൻ, നീരജ് കൃഷ്ണൻ എന്നിവർ മക്കളാണ്‌. രാജേഷ്, രജീഷ് എന്നിവർ സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *