ഗുരുവായൂരിൽ കണ്ണന് മുന്നിൽ കാഴ്ചക്കുലകൾ നിറഞ്ഞു
ഉത്രാടദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുലകൾ സമർപ്പിച്ച് സായൂജ്യം നേടി ഭക്തർ. രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്. സ്വർണ്ണ കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂരപ്പന് ആദ്യം കാഴ്ചക്കുല സമർപ്പിച്ചു.
തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. പിന്നീട് ഭക്തർ കാഴ്ചക്കുലകൾ സമർപ്പിക്കാനെത്തി. രാത്രി അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതു വരെ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാൻ അവസരം ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ ലഭിച്ച കാഴ്ചക്കുലകളിൽ ഒരു പങ്ക് തിരുവോണ സദ്യയ്ക്ക് പഴപ്രഥമന്‍ വേണ്ടി ഉപയോഗിക്കും.