ഏകാദശി നാളിൽ കണ്ണനെ തൊഴാൻ പതിനായിരങ്ങൾ
ഏകാദശി നാളിൽ കണ്ണനെ കണ്ടു തൊഴാൻ ഗുരുവായൂരിൽ ഭക്തസഹസ്രങ്ങൾ. ദർശന സായൂജ്യം നേടി ഏകാദശി പ്രസാദ ഊട്ടിൽ പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം. മുൻവർഷത്തേക്കാൾ ഇരട്ടിയോളം ഭക്തർ ഇത്തവണ എത്തി. വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾ ഒഴിവാക്കിയും നേരിട്ട് കൊടിമരം വഴി നാലമ്പലത്തിലേക്ക് കടത്തിവിട്ടും ഭക്തർക്ക് ദേവസ്വം ദർശന സൗകര്യമൊരുക്കി.
രാവിലെ പതിനൊന്നു മണിയോടെ പൊതുവരി ക്ഷേത്രം കിഴക്കേ നട വഴി ടൗൺ ഹാൾ വരെ നീണ്ടു. എന്നാൽ ഉച്ചകഴിഞ്ഞതോടെ വരി കൗസ്തുഭം പരിസരമായി കുറഞ്ഞു. ഭക്തരുടെ എണ്ണം ക്രമാതീതമായി കൂടിയെങ്കിലും പൂജ നടക്കുന്ന വേളയിലല്ലാതെ ക്ഷേത്രം നട തുറന്നിരുന്നതിനാൽ തടസ്സമ മില്ലാതെ ഭക്തർക്ക് ദർശനം ലഭിച്ചു.
പ്രസാദ ഊട്ടിന് നാൽപതിനായിരത്തിലേറെ പേർ
ഗോതമ്പ് ചോറും രസ കാളനും പുഴുക്കും അച്ചാറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി പ്രസാദ ഊട്ടിൽ ഇത്തവണ പങ്കെടുത്തത് നാൽപതിനായിരത്തിലേറെ ഭക്തർ. രാവിലെ ഒമ്പത് മണിയോടെ
ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് തുടങ്ങി. ഉച്ചയ്ക്ക് മൂന്നരയോടെ അവസാനം വരി നിന്നെത്തിയ ഭക്തനും പ്രസാദ ഊട്ട് നൽകി. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും വൈകിയെത്തിയവർക്കെല്ലാം പ്രസാദ ഊട്ട് നൽകി. നാലേകാലോടെ സമാപിച്ചു.