ചകിരി ലഭ്യത ഉറപ്പാക്കാൻ കയർ ഫൈബർ ബാങ്ക് ആരംഭിക്കും -മന്ത്രി 

ചകിരിക്ഷാമം പരിഹരിക്കാന്‍ കേരളത്തിൽ ഫണ്ട് ഉപയോഗിച്ച് കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കും. ഇതിനായി 10 കോടി രൂപ റിവോള്‍വിങ് ഫണ്ട് അനുവദിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കയർമേഖലയിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കൃത്യമായി പണം ലഭ്യമാക്കാനായാൽ കയർ ഉത്പാദനത്തിൽ 50 ശതമാനം വർധന ഉണ്ടാക്കാനാവും. കേരളത്തിന് ഒരു വര്‍ഷം 12 ലക്ഷം ക്വിന്‍റല്‍ ചകിരിയാണ് വേണ്ടത്. ഇതില്‍ മൂന്ന് ലക്ഷം ക്വിന്‍റല്‍ മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ തന്നെ ഒന്നേകാല്‍ ലക്ഷം ക്വിന്‍റല്‍ മാത്രമാണ് കയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി നമുക്ക് കിട്ടുന്നത്. കേരളത്തില്‍ ആവശ്യത്തിന് കയര്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഗുണനിലവാരമുള്ള ചകിരി യഥാസമയത്ത് ലഭിക്കണം.

ഈ പ്രശ്നം പരിഹിരിച്ച് കയർ സംഘങ്ങള്‍ക്ക് ആവശ്യത്തിന് ചകിരി ലഭ്യമാക്കുന്നതിനാണ് കോട്ടൺ മേഖലയിൽ നടപ്പാക്കിയതിന് സമാനമായി കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയതില്‍ ഒന്നരക്കോടി അനുവദിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും ചേര്‍ന്ന് ആറുമാസത്തേക്ക് എത്ര ചകിരി വേണമെന്ന് വിലയിരുത്തി ടെന്‍ഡര്‍ വിളിച്ച് ഈ തുക ഉപയോഗിച്ച് ചകിരി വാങ്ങി സംഘങ്ങള്‍ക്ക് ലഭ്യമാക്കും. സംഘങ്ങള്‍ 45 ദിവസത്തിനുള്ളില്‍ ചികിരി ഉത്പന്നമാക്കി വിറ്റ് ചകിരി വാങ്ങിയ തുക തിരികെ നല്‍കുമെന്നും ഈ സംവിധാനത്തിലാണ് കയർ ഫൈബർ ബാങ്ക് പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.

കയർ തൊഴിലാളികൾക്കും സംഘങ്ങൾക്കുമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു.  പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. എച്ച് സലാം എം.എൽ.എ വിശിഷ്ടാതിഥിയായി, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, മുൻ എം.എൽ.എ ടി. കെ.ദേവകുമാർ, കെ.എസ്.സി.എം എം.സി ചെയർമാൻ എം.എച്ച്. റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.