വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ക്രിസ്മസ് നക്ഷത്രം
പാഴ് വസ്തുക്കളിൽ നിന്ന് മനോഹരമായ ക്രിസ്മസ് നക്ഷത്രം ഒരുക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന. രണ്ടു ദിവസങ്ങളിലായി പെറുക്കിയെടുത്ത 753 പ്ലാസ്റ്റിക്ക് മിനറൽ വാട്ടർ കുപ്പികൾ കൊണ്ടാണ് കൂറ്റൻ നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്. താമരശ്ശേരി പഴയ ബസ്സ്റ്റാൻഡ് സ്റ്റോപ്പിനോട് ചേർന്നാണ് ഈ നക്ഷത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. മുളയിൽ വലിയ നക്ഷത്രത്തിൻ്റെ ഫ്രെയിമുണ്ടാക്കി ഇതിനകത്ത് കുപ്പികൾ അടുക്കിയിരിക്കുകയാണ്. മൂന്നാൾ പൊക്കത്തിലുള്ള ഇതിനകത്ത്
വർണ്ണമനോഹരമായ എൽഇഡി ലൈറ്റുകളും കൊടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തും വേസ്റ്റ് മാനേജ്മെന്റിൽ പഞ്ചായത്തിനെ സഹായിക്കുന്ന ഗ്രീൻ വേംസും നൽകിയ പിന്തുണയിലാണ് തങ്ങൾക്ക് ഇത്തരമൊരു ആശയം നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് ഹരിതകർമ്മസേന ഭാരവാഹികൾ പറഞ്ഞു. പാഴ് വസ്തുക്കൾ ശാസ്ത്രീയമായ സംസ്കരണത്തിന് കൈമാറണമെന്ന സന്ദേശവും പുനരുപയോഗ സാധ്യതകളും കാണിക്കുന്ന മികച്ച വിദ്യാഭ്യാസ സന്ദേശം കൂടി നൽകുന്നു ഈ നക്ഷത്രം. പ്ലാസ്റ്റിക്ക് കത്തിക്കരുത്, വലിച്ചെറിയരുത്
-ഹരിത കർമ്മ സേനയ്ക്ക് കൈമാറാം. എന്ന ബാനറും നക്ഷത്രത്തിനടുത്ത് കെട്ടിയിട്ടുണ്ട്. ക്രിസ്മസ് നാളിൽ ശുചിത്വ മാലിന്യ സംസ്കരണത്തിൻ്റെ സന്ദേശവുമായി ക്രിസ്മസ് അപ്പൂപ്പൻ സാൻ്റാക്ലോസും ഹരിത കർമ്മസേനയോടൊപ്പം ചേർന്നിട്ടുണ്ട്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയാണ് ഇത്തരത്തിൽ ക്രിസ്മസ് കാലം നല്ലൊരു ആശയത്തിന്റെ പ്രചരണത്തിനായി തിരഞ്ഞെടുത്തത്. ഇതേ രീതിയിൽ ഓമശ്ശേരിയിലും അടുത്ത ദിവസം സാൻ്റാക്ലോസ് എത്തും.
Good initiative