കോട്ടയം മെഡി.കോളജില്‍ കാര്‍ഡിയോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക്, ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ
മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

അടിസ്ഥാനസൗകര്യങ്ങളിലും ചികിത്സാമികവിലും  മാതൃകയായ കോട്ടയം മെഡിക്കല്‍ കോളജില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് സമീപ വര്‍ഷങ്ങളില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് വിവിധ ബ്ലോക്കുകളിലേക്ക് സഞ്ചരിക്കുന്നതിനായി രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയാക് മെഷീന്‍ വാങ്ങുന്നതിന് ഒന്‍പതര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പ്രിയ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പി. പുന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

200 കിടക്കകളോടുകൂടിയ  കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം 36.41 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. 10 കോടി രൂപയുടെ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍നിന്നുള്ള 22 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നര ടണ്‍ സംഭരണശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചത്.