ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം ലോക സമാധാനത്തിന്റെ ഇടം- ഗവര്‍ണര്‍
വിശ്വജ്ഞാനമന്ദിരം സാര്‍വത്രിക സ്നേഹവും സമാധാനവും സൗഹാര്‍ദ്ദവും നിറയുന്ന ലോക ആത്മീയതയുടെ ഇടമാണെന്ന്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോഴിക്കോട് കക്കോടി ആനാവുകുന്നില്‍ ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായ ആത്മീയദര്‍ശനമായിരുന്നു കരുണാകരഗുരുവിന്റേത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ നാട് ഏറ്റെടുത്തതിന്റെ തെളിവാണ് മന്ദിരം. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുളള
അറിവിന്റേയും കേന്ദ്രമാണിത്- ഗവര്‍ണര്‍ പറഞ്ഞു. വിശ്വജ്ഞാന മന്ദിരത്തിലെത്തിയ ഗവര്‍ണര്‍ ഗുരുവിന്റെ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുമായി കൂടിക്കാഴ്ച നടത്തി.
സമര്‍പ്പണസമ്മേളനത്തില്‍ എം.കെ. രാഘവന്‍ എം. പി അദ്ധ്യക്ഷത വഹിച്ചു.. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ.പി, ഗ്രാമപഞ്ചായത്തംഗം അജിത.എന്‍, സ്വാഗതസംഘം പ്രതിനിധി ലത്തീഫ് പറമ്പില്‍, ഡോ.കെ.എന്‍. ശ്യാമപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ശാന്തിഗിരി ആശ്രമത്തിന്റെ സ്നേഹോപഹാരം രാജീവ് അഞ്ചല്‍, ഡോ.കെ.എന്‍.വിശ്വംഭരന്‍, ജോസഫ് റോക്കി പാലക്കല്‍, രഗ്ബീര്‍ സിംഗ് സിദ്ധു, സബീര്‍ തിരുമല, മുരളി കോഴിക്കോട് എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണർക്ക് സമ്മാനിച്ചു. കുന്നിൻ മുകളിൽ 14000 ചതുരശ്ര അടി
വിസ്തൃതിയിലും 72 അടി ഉയരത്തിലുമാണ് മൂന്നു നിലകളുള്ള മന്ദിരം. ഓരോ നിലയിലും 12 വീതം 36 ഇതളുകളുളള പൂർണ്ണമായി വിടർന്ന താമര ശില്പമുണ്ട്. വിവിധ സമ്മേളനങ്ങളിലായി മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, .പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി..ഡി. സതീശൻ, എം.കെ.രാഘവൻ എം.പി., മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, അഡ്വ. പി.ടി.എ.റഹീം എം.എൽ.എ., പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.
ആത്മീയപ്രഭ ചൊരിഞ്ഞ് ദീപപ്രദക്ഷിണം
വിശ്വജ്ഞാനമന്ദിരം തിരിതെളിയിക്കലിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം ദീപ പ്രദക്ഷിണം നടന്നു. വിശ്വജ്ഞാനമന്ദിരത്തില്‍ നിന്ന് ആരംഭിച്ച് ദര്‍ശനമന്ദിരം വഴി ആശ്രമസമുച്ചയം വലംവെച്ച് ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. പ്രദക്ഷിണ വേളയില്‍ ആയിരം കണ്ഠങ്ങളില്‍ നിന്ന് ഗുരുമന്ത്രാക്ഷരങ്ങള്‍ ഉയർന്നു. ആശ്രമവീഥിയില്‍ നൂറുകണക്കിന് ഭക്തര്‍ ദീപതാലവുമായി അണിനിരന്നു. ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വിയാണ് ദീപപ്രദക്ഷിണം നയിച്ചത്. അഖണഡനാമത്തോടൊപ്പം നാദസ്വര മേളങ്ങളും പഞ്ചവാദ്യവും മുഴങ്ങി.