വെള്ളിക്കോത്ത് വയനാട്ടുകുലവൻ ഉത്സവത്തിന് ആയിരങ്ങള്‍

വയനാട്ടുകുലവൻ്റെ പുറപ്പാട് ഞായറാഴ്ച മൂന്നു മണിക്ക്

നാടും നഗരവും വയനാട്ടുകുലവൻ്റെ ഉത്സവ ഭൂമിയിലേക്ക് ഒഴുകിയെത്തി. ഭക്തിനിർഭരമായ ചടങ്ങിൽ തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം ഉത്സവത്തിന് തുടക്കം. കണ്ടനാർകേളൻ തെയ്യത്തിൻ്റെ വെള്ളാട്ടത്തെ കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ശനിയാഴ്ച രാത്രി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത വെള്ളിക്കോത്ത് ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്.

ക്ഷേത്രത്തിന് മുന്നിലുള്ള നെൽകൃഷി ഭൂമിയിൽ ചാണകം മെഴുകി പ്രത്യേകം കെട്ടിയുണ്ടാക്കിയ മറക്കളത്തിലേക്ക് കണ്ടനാർകേളൻ വെള്ളാട്ടത്തെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നതു കാണാൻ ഭക്തർ തിങ്ങിക്കൂടി. കന്നിക്കത്തിയും മുളവില്ലും കൈയിലേന്തി

ചെണ്ടമേളത്തിലാണ് കണ്ടനാർകേളൻ ചുവടുവെച്ചത്. സ്ഥാനികരും വെളിച്ചപ്പാടുകളും അനുഗമിച്ചു. മറക്കളത്തിൽ ചെണ്ടമേളത്തിനൊപ്പം വെള്ളാട്ടം ഉറഞ്ഞാടിയപ്പോൾ ഭക്തരുടെ ആർപ്പുവിളി ഉയർന്നു.  കരിമരുന്ന് പ്രയോഗം ആകാശത്ത് നക്ഷത്രങ്ങൾ തീർത്തു. ഈ സമയം ക്ഷേത്രപരിസരം ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ഉത്സവത്തിലെ പ്രധാന ചടങ്ങായ ബപ്പിടലും നടന്നു. 

തുടർന്ന്  വയനാട്ടുകുലവൻ തെയ്യത്തിൻ്റെ വെള്ളാട്ടവും വിഷ്ണു മൂർത്തിയുടെ തുടങ്ങലും നടന്നു. ശനിയാഴ്ച വൈകുന്നേരം കാർന്നോൻ, കോരച്ചൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം അരങ്ങിലെത്തി. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് കാർന്നോൻ തെയ്യവും 9ന് കോരച്ചൻ തെയ്യവും11 ന് കണ്ടനാർ കേളൻ തെയ്യവും നടക്കും. വൈകുന്നേരം മൂന്നിനാണ് വയനാട്ടു കുലവൻ തെയ്യത്തിൻ്റെ പുറപ്പാട്. ചൂട്ടൊപ്പിക്കൽ ചടങ്ങിനു ശേഷം വിഷ്ണു മൂർത്തി തെയ്യം. രാത്രി 10 ന് മറപിളർക്കൽ

ചടങ്ങും കൈവീതും നടക്കും. ഉത്സവ ത്തോടനുബന്ധിച്ച് എല്ലാ ദിവസവും ആയിരങ്ങൾക്ക് അന്നദാനവുമുണ്ടായി. നാട്ടിൽ നിന്ന് ശേഖരിച്ച വിഭവങ്ങളാണ് അന്നദാനത്തിനായി ഉപയോഗിച്ചത്. ഇതിനായി മൂന്നു ദിവസം മുമ്പ് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തിയിരുന്നു.

One thought on “വെള്ളിക്കോത്ത് വയനാട്ടുകുലവൻ ഉത്സവത്തിന് ആയിരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *