ജിയോളജി പഠന കാലത്തെ അനുഭവങ്ങൾ പങ്കിട്ട് ബാലചന്ദ്രമേനോൻ
ശശിധരന് മങ്കത്തില്
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്രമേനോൻ ജിയോളജിക്കാർക്ക് മുന്നിലെത്തിയപ്പോൾ അവർക്ക് പലതും അറിയാനുണ്ടായിരുന്നു. ജിയോളജി പഠിച്ച് സിനിമാക്കാരനായ മേനോൻ എല്ലാവരേയും പഴയ കാലത്തേക്ക് കൂട്ടി കൊണ്ടുപോയി. വിദ്യാർത്ഥികളും വിരമിച്ച അധ്യാപകരുമടക്കം ഒരു കൂട്ടം ആളുകൾ സംവിധായക പ്രതിഭയുടെ കഥ കേൾക്കാനുണ്ടായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മേനോൻ ഇവിടത്തെ
1974 ബി.എസ്.സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ജിയോളജിയും ജേർണലിസവും കഴിഞ്ഞ് സിനിമയിലെത്തിയ താൻ
നല്ലൊരു കർഷകൻ കൂടിയാണെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. രചനയും സംവിധാനവും സംഗീതവും ഒറ്റയ്ക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ എന്നെ അഭിനന്ദിക്കുന്നവരുമുണ്ട് എതിർക്കുന്നവരുമുണ്ട്.
45 വർഷമായി സിനിമാ രംഗത്തുള്ള ആളാണ് ഞാൻ. എന്നാൽ ഞാനൊരു നല്ല കർഷകനാണെന്ന കാര്യം അധികം ആർക്കും അറിയില്ല. മലയിൻകീഴ് പഞ്ചായത്തിൽ എനിക്ക് എട്ട് ഏക്കർ കൃഷി സ്ഥലമുണ്ട്.1997ൽ പഞ്ചായത്തിൻ്റെ കർഷകശ്രീ അവാർഡും കിട്ടിയിട്ടുണ്ട്. ഞാൻ പങ്കെടുക്കുന്ന പല യോഗങ്ങളിലും കർഷകൻ കൂടിയാണെന്ന് എന്നെ പരിചയപ്പെടുത്താറുണ്ട്. ജേർണലിസം പഠിച്ചതുകൊണ്ട് പല പരിപാടികൾക്കും പത്രക്കാരായ സുഹൃത്തുക്കൾ ക്ഷണിക്കാറുമുണ്ട്.
പക്ഷെ എന്നെ ഇന്നുവരെ മൈൻ്റ് ചെയ്യാത്തത് ജിയോളജി ഡിപ്പാർട്ടുമെൻ്റാണ്. ഇന്ന് ആ പരിഭവം തീർന്നു. വളരെ അപൂർവ്വമായി കിട്ടിയ ക്ഷണമാണ് ജിയോളജിക്കാരുടെ ഈ സംഗമം. അതിൽ വളരെ സന്തോഷമുണ്ട്. വളരെ വികാരഭരിതമായ സംഭവമായിട്ടാണ് ഞാൻ
ഇതിനെ കാണുന്നത്- ബാലചന്ദ്രമേ നോൻ പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ സെക്കൻ്റ് ഗ്രൂപ്പ് എടുത്തു പഠിച്ച എനിക്ക് സബ്ബ്ജക്ടിൽ 83 ശതമാനം മാർക്കുണ്ടായിരുന്നു. മെഡിസിനും ഒന്നും വേണ്ട. സിനിമയായിരുന്നു മനസ്സിൽ.
സിനിമ പഠിക്കണമെങ്കിൽ പുണെയിൽ പോകണം. അതിനു കഴിഞ്ഞില്ല ഇവിടത്തന്നെ ഒരു ഡിഗ്രി കോഴ്സിന് ചേരാമെന്നായി. അങ്ങനെയാണ് ജിയോളജിയിൽ എത്തിയത്. കണക്ക് അറിയില്ല. അതിനെ പണ്ടേ ഡൈവോഴ്സ് ചെയ്തതാണ്. വരപ്പും അറിയില്ല. ഫിസിക്സും കെമിസ്ട്രിയും കുഴപ്പമില്ല. അത് സബ്ബ്സിഡിയറിയായ ഒരു വിഷയം അന്വേഷിച്ചപ്പോഴാണ് ബി.എസ്.സി ജിയോളജി കോഴ്സിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ 1971 ൽ ബി.എസ്.സി. കോഴ്സിൽ ചേർന്നു.
എന്താണ് ഈ സാധനം എന്നൊന്നും അറിയാതെയാണ് ചേർന്നത്. ക്ലാസ് തുടങ്ങിയപ്പോഴാണ് അറിഞ്ഞത് ഇതിൽ വരയും കുറിയും മാപ്പിംഗും പെട്രോളജിയും സ്ട്രാറ്റിഗ്രാഫിയും എല്ലാമുണ്ടെന്ന്. ഞാൻ ശരിക്ക് വെള്ളം
കുടിച്ചു. ഞങ്ങൾ 12 പേരാണ് ബി.എസ്.സി. ക്ലാസിൽ. പ്രൊഫ. രാമചന്ദ്രൻ സാർ, കൃഷ്ണൻ നായർ സാർ, രാമശർമ്മ സാർ എന്നിങ്ങനെ പ്രഗത്ഭരായ മൂന്ന് അധ്യാപകർ ഉണ്ടായിരുന്നു. പരീക്ഷയിൽ കഷ്ടിച്ച് രക്ഷപ്പെട്ടു. തേഡ് ക്ലാസ് കിട്ടി. അങ്ങനെ ഗ്രാജ്വേറ്റായി.
ഇതിനിടയിൽ വിദ്യാർത്ഥി രാഷ്ടീയം തലക്കുപിടിച്ചു. കോളേജ് ചെയർമാനുമായി. ജിയോളജി പഠിച്ചതുകൊണ്ട് ഈ രംഗത്തെ ഒരു പാട് സുഹൃത്തുക്കളുണ്ട്. ഫാം തുടങ്ങിയപ്പോൾ ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയിലെ സുഹൃത്തിൻ്റെ സഹായമുണ്ടായി. കിണറും കുളവും കുഴിച്ചു. – ബാലചന്ദ്ര മേനോൻ പഴയ കാല അനുഭവങ്ങൾ വിവരിച്ചു.
യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി പഠനം ഔദ്യോഗിക ജീവിതത്തിൽ പല തരത്തിലും ഗുണം ചെയ്തിട്ടുണ്ടെന്ന് എ.ഡി.ജി.പി.എം.ആർ.അജിത്കുമാർ പറഞ്ഞു. ബി.എസ്.സി. ജിയോളജി1988 ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അജിത് കുമാർ.
അന്നത്തെ അധ്യാപകരുടെ ശിക്ഷണവും നേതൃപാഠവും മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോസ്സ്റ്റാൾജിയോ -70 ആഘോഷത്തിൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.ടി.സുഭാഷ്, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയരക്ടർ കെ.സുധീർ, ജിയോളജി വകുപ്പ് മേധാവി ഡോ.കെ.പി. ജയ് കിരൺ, പ്രൊഫ. എസ്.മോഹൻകുമാർ, എസ്. അയ്യപ്പൻ നായർ, പ്രൊഫ.ജി.ഗോപാലകൃഷണൻ, എസ്.എൻ.കുമാർ തുടങ്ങിയവർ സംസാരിച്ചു.