എ.വി.ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ
എം.യു.ഷിനിജ പുതിയ ഭരണസമിതി അംഗം
ഗുരുവായൂർ ദേവസ്വത്തിൻ്റെ പതിനാറാമത് ചെർമാനായി പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശി സ്വദേശിയും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ചെയർമാൻ.വി.കെ.വിജയൻ, വി.ജി.രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുള്ള ഒഴിവിൽ ഇവരെ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു.
തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം അധ്യക്ഷനായി. ഗുരുവായൂർക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ദീപം തെളിയിച്ചു.
ദേവസ്വം കമ്മീഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ഭരണസമിതി യോഗം കമ്മീഷണറുടെ സാന്നിധ്യത്തിൽ ചേർന്നു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ ജ്യോതി രാജ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ദേവസ്വം ചെയർമാനായി ചുമതലയേറ്റ എ.വി. ഗോപിനാഥ് ആലത്തൂർ മുൻ എം.എൽ.എ ആണ്. രണ്ടു പതിറ്റാണ്ടോളം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ എം.യു. ഷിനിജ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയാണ്. ദേവസ്വം ഭരണസമിതിയിലെ ആദ്യ വനിതാ അംഗമാണ്. എം.എ, ബി.എഡ്. ബിരുദധാരിയായ ഷിനിജ ചാപ്പാറ ഓറ എഡിഫൈ സ്കൂളിൽ അധ്യാപികയായിരുന്നു. 2020- 2023 കാലയളവിൽ കൊടുങ്ങല്ലുർ നഗരസഭ ചെയർപേഴ്സൻ ആയിരുന്നു.




















