ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്, വിപുലമായ ഒരുക്കങ്ങള്‍
ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍, താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നല്കുന്ന കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും.
ക്ഷേത്രപരിസരത്തുള്ള ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമായി നടത്തണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്കി. ഉത്സവ ദിവസങ്ങളില്‍ പ്രത്യേകിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പ്രവര്‍ത്തികള്‍ പരാതികള്‍ക്ക് ഇടനല്കാതെയും കാലതാമസമില്ലാതെയും പൂര്‍ത്തിയാക്കണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ നിര്‍ദ്ദേശിച്ചു.
പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ്ബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ ജീവനക്കാരെ കോര്പറേഷന് നിയോഗിക്കും. ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്.ടി.സി ചെയിന്‍ സര്‍വ്വീസ് നടത്തും. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വ്വീസുകളും നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും.
ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്. ഉണ്ണികൃഷ്ണന്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ് ജെ, സബ്ബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലന് നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജയലക്ഷ്മി.ജി തുടങ്ങിയവർ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.