എറണാകുളത്ത് ആർമി റിക്രൂട്ട്മെന്റ് റാലി നടത്തി
കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി ആർമി റിക്രൂട്ട്മെന്റ് റാലി നടത്തി. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച ആര്‍മി റാലിക്ക് മികച്ച പിന്തുണ ലഭിച്ചെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ആർ.ആർ.റെയ്ന പറഞ്ഞു.
മഹാരാജാസ് കോളേജ് മൈതാനിയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, സബ്ബ് കളക്ടർ ഉൾപ്പെടെ റാലിയുടെ ഭാഗമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്കായി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
സോൾജിയർ നഴ്‌സിംഗ് അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ആർ.ടി, ജെ.സി.ഒ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിൽ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ് ഉദ്യോഗാർത്ഥികൾ. ചടങ്ങിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സബ്ബ് കളക്ടർ പി.വിഷ്ണുരാജ്, ആർമി റിക്രൂട്ടിംഗ് ഡയറക്ടർ കെ. വിശ്വനാഥം, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.