ആലിങ്കിൽ തറവാട്ടിൽ അവർ വീണ്ടും ഒത്തുചേർന്നു 

പുരാതന വാസ്തുശില്പ പ്രൗഡിയിൽ തിളങ്ങുന്ന ആലിങ്കിൽ തറവാട്ടിൽ അവർ വീണ്ടും ഒത്തുകൂടി. വിദേശത്ത്‌ നിന്നടക്കം എത്തിയ കുടുംബാംഗങ്ങൾ ആടിയും പാടിയും തറവാട്ട് മുറ്റത്ത് സന്തോഷം പങ്കിട്ടു. കണ്ണൂര്‍ കല്യാശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ടാണ് ആലിങ്കിൽ തറവാട്.

1913 ൽ പണിതീർത്ത മൂന്ന് നിലയുള്ള തറവാട് വടക്കേ മലബാറിലെ വാസ്തുശില്പ ശൈലി വിളിച്ചോതുന്നതാണ്. 50 വർഷത്തിനു മുമ്പ് തറവാടിന്റെ പുനരുദ്ധാരണം നടത്തിയിരുന്നു. പിന്നീട് ഇപ്പോഴാണ്  അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കിയത്. വടക്കിനിയും അടുക്കളയുമുള്ള വീട്ടിൽ ഇരുനിലകളിലുമായി 15 മുറികളുണ്ട്.

തറവാട് പണിത ആലിങ്കിൽ കണ്ണൻ പഴയകാല വ്യവസായിയായിരുന്നു. നെയ്ത്തിനുള്ള നൂൽ സംഭരിച്ച് വില്പന നടത്തുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ബിസിനസ്സ്. അതോടൊപ്പം തന്നെ അദ്ദേഹം കോടല്ലൂർ ഇല്ലത്തെ കാര്യസ്ഥനുമായിരുന്നു. ഒരുപാട് സ്വത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണൻ – ശ്രീദേവി ദമ്പതിമാർക്ക് രണ്ട് പെൺമക്കളും അഞ്ച് ആൺമക്കളുമായിരുന്നു. അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

മരുമക്കളിൽ തന്നെ ഇളയ രണ്ടു മക്കളും ഭാര്യമാരും മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി അഞ്ചാം തലമുറയിലേക്ക് വ്യാപിച്ചു കിടക്കുന്ന ഈ കുടുംബത്തിൽ  നിലവിൽ തൊണ്ണൂറിലധികം അംഗങ്ങൾ ഉണ്ട്. കുടുംബത്തിലെ ആലിങ്കിൽ  ജനാർദ്ദനൻ രേവതി ചിത്ര എന്ന സിനിമാ നിർമ്മാണ കമ്പനി ഉടമയായിരുന്നു. നടൻ രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന സിനിമ നിർമ്മിച്ചത് ഇദ്ദേഹമാണ്.