മോഹൻലാൽ പുനരധിവാസത്തിനായി മൂന്ന് കോടി നൽകും
വയനാട്ടിൽ ഉരുൾ പൊട്ടിയ പ്രദേശങ്ങളിൽ സാന്ത്വനവുമായി നടൻ മോഹൻലാൽ. ദുരന്തം വിതച്ച മുണ്ടക്കൈ,ചൂരൽമല,പുഞ്ചിരിമട്ടം പ്രദേശങ്ങൾ മോഹൻലാൽ സന്ദർശിച്ചു. പുനരധിവാസത്തിനായി മൂന്നുകോടി രൂപ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർക്കൊപ്പം യൂണിഫോമിലാണ് മോഹൻലാൽ ദുരന്ത ഭൂമിയിലെത്തിയത്.
വയനാട്ടിൽ രക്ഷാദൗത്യം നടത്തുന്ന മദ്രാസ് റെജിമെൻ്റ് 122TA
ഇൻഫെൻ്ററി ബറ്റാലിയനിൽ ലെഫ്റ്റ്നൻ്റ് കേണലാണ് മോഹൻലാൽ. സൈനികർ പണിത ബെയ്ലി പാലത്തിലൂടെ യാത്ര ചെയ്താണ് അദ്ദേഹം വിവിധ പ്രദേശങ്ങളിലെത്തിയത്. കേണൽ നവീൻ ബെൻജിത്ത് സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം മോഹൻലാലിന് വിവരിച്ചു
കൊടുത്തു. അച്ഛനമ്മമാരുടെ ഓർമ്മയ്ക്കായി തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷനാണ് മൂന്നു കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയെന്ന് മോഹൻലാൽ പറഞ്ഞു.
സന്ദർശനെത്തെക്കുറിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത് :
വയനാട്ടിലെ നാശം ആഴത്തിലുള്ള മുറിവാണ്. അത് ഉണങ്ങാൻ സമയമെടുക്കും. നഷ്ടപ്പെട്ടതും ജീവിതം തടസ്സപ്പെടുന്നതുമായ ഓരോ വീടും വ്യക്തിപരമായ ദുരന്തമാണ്.
ഡോർഫ്-കെറ്റൽ കെമിക്കൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പിന്തുണയോടെ വിശ്വശാന്തി ഫൗണ്ടേഷൻ അടിയന്തര ദുരിതാശ്വാസത്തിനും പുനർനിർമ്മാണ ശ്രമങ്ങൾക്കുമായാണ് മൂന്ന് കോടി രൂപ നൽകുന്നത്. മുണ്ടക്കൈയിലെ എൽ.പി സ്കൂളിൻ്റെ പുനർനിർമ്മാണവും നടത്തും.
എൻ്റെ 122 TA മദ്രാസ് ബറ്റാലിയനിലെ സൈനികരുടെയും രക്ഷാപ്രവർത്തകരുടെയും ധീരമായ പ്രയത്‌നങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി. അവരുടെ നിസ്വാർത്ഥമായ സമർപ്പണവും സഹിഷ്ണുതയും പ്രതീക്ഷയ്ക്ക് പ്രചോദനം നൽകുന്നു. ഒത്തുപിടിച്ച് നമ്മൾ പുനർനിർമ്മിക്കുകയും ഈ മുറിവുണക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്യും.