നിങ്ങളെ കാണുമ്പോൾ അശോക് രാജിനെപ്പോലെ കുട്ടിക്കാലം ഓർത്തു പോവുകയാണ് – മമ്മൂട്ടി

കേരള സ്ക്കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വർണ്ണാഭമായ തുടക്കം.
പതിനാല് ജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മേള തുടങ്ങിയത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നി൪വഹിച്ചു.
കായിക  മേളയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന എൻ്റെ തക്കുടുകളെ

എന്ന് കുട്ടികളെ അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗം തുടങ്ങിയത്. ‘കഥ പറയുമ്പോളി’ലെ അശോക് രാജിനെപ്പോലെ ഞാൻ എൻ്റെ കുട്ടിക്കാലം ഓർത്തു പോവുകയാണ്.

എനിക്ക് കുട്ടിക്കാലത്ത് സ്‌പോട്സിലൊന്നും താൽപ്പര്യമില്ലായിരുന്നു. ഞാനൊരു മടിയനായിരുന്നു. ഓടാനും ചാടാനും പന്തുകളിക്കാനൊന്നും താല്പര്യമില്ലായിരുന്നു. ഞാൻ അന്ന് നാടകം കളിക്കാനും മോണോ ആക്ട് കളിക്കാനുമൊക്കെയാണ് നടന്നത്. ഇപ്പോൾ നിങ്ങളെ കാണുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്ന് ആഗ്രഹിച്ചു പോവുകയാണ്.

എൻ്റെ മുമ്പിൽ നിൽക്കുന്ന കേരളത്തിൻ്റെ കൗമാര ശക്തി എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഈ നാടിൻ്റെ, രാജ്യത്തിൻ്റെ അഭിമാനങ്ങളായി തീരേണ്ടവരാണ് നിങ്ങളെല്ലാവരും. ജീവിതത്തില്‍

രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ൪ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തണം.
കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണം. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോൾ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത് – മമ്മൂട്ടി പറഞ്ഞു.

സ്‌റ്റേഡിയത്തിൽ നടന്ന ദീപശിഖാപ്രയാണത്തിൽ നിന്ന് മേളയുടെ ബ്രാന്‍ഡ് അംബാസിഡറായ ഒളിമ്പ്യ൯ പി. ആ൪. ശ്രീജേഷ് ദീപശിഖ

ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പി. ആ൪. ശ്രീജേഷും വെളി ഇ.എം.എച്ച്.എസ്സിലെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായികതാരമായ ശ്രീലക്ഷ്മിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു.

ചടങ്ങിൽ ടി.ജെ. വിനോദ് എം.എല്‍-എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി,  എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളിൽ, കെ.എൻ. ഉണ്ണികൃഷ്ണൻ, ഉമ തോമസ്, കെ.ജെ. മാക്സി, കൊച്ചി മേയർ എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നാലായിരത്തിലധികം  കുട്ടികൾ അണിനിരന്ന സാംസ്കാരിക പരിപാടികൾ നടന്നു. പി.ടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരന്നു. ചരിത്രത്തില്‍ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരും. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *