ഗ്രാമീണ ബാങ്കിന്റെ സ്ഥാപകൻ ദാമുവേട്ടനെ ഓർക്കുമ്പോൾ
ശശിധരൻ മങ്കത്തിൽ
‘ഓർമ്മശക്തിക്കൊന്നും ഒരു കുഴപ്പവുമില്ല… പിന്നെ വയസ് 90 കടന്നില്ലേ.’.. ഒരിക്കൽ ഫോണിൽ വിളിച്ചപ്പോൾ ദാമുവേട്ടൻ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. നോർത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ സ്ഥാപക ചെയർമാൻ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ എ.എം.ഡി.നായർ എന്ന ആലത്തടി മലൂർ ദാമോദരൻ നായർ വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം ദാമുവേട്ടനാണ്. ഓർമ്മ വെച്ച കാലം മുതൽ ഞാനും ദാമുവേട്ടൻ എന്നാണ് വിളിക്കാറ്. ബന്ധം നോക്കിയാൽ അച്ഛന്റെ ഒരു ജ്യേഷ്ഠസഹോദരൻ. എനിക്ക് അദ്ദേഹം വല്യച്ഛനാണ്. അദ്ദേഹം വിടവാങ്ങിയിട്ട് ജൂൺ 21 ന് രണ്ടു വർഷം തികയുന്നു. നാല് പതിറ്റാണ്ടു മുമ്പ് ഗ്രാമീൺ ബാങ്ക് തുടങ്ങാനായി ചെറിയൊരു പെട്ടിയും തൂക്കി കണ്ണൂരിലെയും വയനാട്ടിലെയും നാട്ടുവഴികളിലൂടെ നടന്ന ദാമുവേട്ടനെക്കുറിച്ച്
‘ഗ്രാമീണ ബാങ്കിന്റെ സ്വന്തം എ എം.ഡി നായർ ‘ എന്ന് ഞാൻ മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ ജോലി ചെയ്തപ്പോൾ ഒരു പകൽ മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചാണ് ഇത് എഴുതിയത്. അന്നും ദാമുവേട്ടൻ എഴുത്തിന്റെ തിരക്കിലായിരുന്നു. ‘സുകൃതമീ ജീവിതം’ അടക്കം നാലു പുസ്തകങ്ങൾ എഴുതി. പ്രസിദ്ധീകരിച്ചാൽ ഉടൻ തന്നെ പുസ്തകം എനിക്ക് ഒപ്പിട്ട് അയച്ചു തരുമായിരുന്നു.1976 ൽ നോർത്ത് മലബാർ ഗ്രാമീണ ബാങ്കിന് കണ്ണൂരിൽ ഹെഡ് ഓഫീസ് സ്ഥാപിച്ച് ചെയർമാനായി സ്ഥാനമേറ്റു. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്ന പ്രണബ് മുഖർജിയാണ് ഡിസംമ്പർ 12 ന് ബാങ്ക് ഉദ്ഘാടനം ചെയ്തത്. എന്റെ സ്കൂൾ പഠനകാലത്ത് ദാമുവേട്ടൻ സിൻഡിക്കേറ്റ് ബാങ്കിന്റെ ഡിവിഷണൽ മാനേജരായിരുന്നു.
വെള്ളിക്കോത്ത് മീത്തലെ വീട്ടിന്റെ പൂമുഖത്ത് അന്ന് വൈകുന്നേരങ്ങളിൽ ദാമുവേട്ടന്റെ അമ്മ മീനാക്ഷി വലിയമ്മ ഹാർമോണിയവുമായി ഇരിക്കും. കർണ്ണാട സംഗീതജ്ഞയായ അവർ മകനെ കുറിച്ച് ഏറെ പറയുമായിരുന്നു. തികഞ്ഞ സോഷ്യലിസ്റ്റായിരുന്ന ദാമുവേട്ടൻ ബാങ്കിങ് മേഖലയിലേക്ക് തിരിഞ്ഞില്ലായെങ്കിൽ ആരാകുമായിരുന്നു ? അതിന് ഒരു ഉത്തരമേയുള്ളു കേരളത്തിലെ ഒരു മന്ത്രി അല്ലെങ്കിൽ അതിനുമപ്പുറം…അദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭ വന്ന തിരഞ്ഞെടുപ്പിൽ അഭിവക്ത കണ്ണൂർ ജില്ലാ പ്രജാസോഷ്യലിസ്റ്റ് പാർട്ടി ഹോസ്ദുർഗിൽ മത്സരിക്കാൻ നിയോഗിച്ചത് എ.എം.ദാമോദരൻ നായരെയായിരുന്നു. സി.എം.പി നായർ എന്ന വെള്ളിക്കോത്തെ സി.എം പദ്മനാഭൻ നായർ, കെ.ചന്ദ്രശേഖരൻ, എൻ.കെ.ബാലകൃഷ്ണൻ
എന്നിവരായിരുന്നു അന്നത്തെ പി.എസ് .പി നേതാക്കൾ. മത്സരിക്കേണ്ടവരെ ചൊല്ലി പല തർക്കവുമുണ്ടായി. അവസാനം ദാമുവേട്ടൻ ആ സ്ഥാനം ഒഴിഞ്ഞു കൊടുത്തു. അങ്ങിനെ
പിന്നീട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ചന്ദ്രശേഖരന് നറുക്കു വീണു. അദ്ദേഹം മത്സരിച്ച് ജയിച്ചു. എൻ്റെ വലിയച്ഛൻ ഹോസ്ദുർഗ്ഗിലെ സി.എം.കുഞ്ഞമ്പു നായർ വക്കീലിന്റെ കീഴിൽ ദാമുവേട്ടൻ വക്കീലായി പ്രാക്ടീസ് ചെയ്ത കാലത്തായിരുന്നു ഇത്. ദാമുവേട്ടൻ്റെ പിതാവ് വിദ്വാൻ പി. കേളുനായർ ഉത്തരകേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന് തിരികൊളുത്തിയ ഗാന്ധിയനായിരുന്നു. സാമൂഹിക വിപ്ലവകാരിയും സംഗീത നാടകകൃത്തുമായിരുന്ന അദ്ദേഹം സ്ഥാപിച്ച വെള്ളിക്കോത്ത് വിജ്ഞാനദായിനി സംസ്കൃത പാഠശാലയിൽ
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ശിഷ്യനായിരുന്നു ദാമുവേട്ടൻ. പിന്നീട് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ വൈദ്യം പഠിക്കാൻ തീരുമാനിച്ചിരുന്നു. അത് വേണ്ടെന്ന് വെച്ചാണ് അണ്ണാമലൈ സർവ്വകലാശാലയിൽ ബി.എ ഹോണേഴ്സിന് ചേർന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായപ്പോൾഎം.ജി.എസ്.നാരായണൻ, ഐ.ജി.ഭാസ്ക്കര പണിക്കർ, ഐ.ജി മേനോൻ എന്നിവരെല്ലാം അവിടെ അദ്ധ്യാപകരായിരുന്നു. ഔദ്യോഗിക ജീവിതം അവസാനിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ദാമുവേട്ടൻ മകളുടെ കൂടെ ബംഗ്ലൂരിൽ താമസമാക്കിയത്. അവിടെ കലാ സാംസ്ക്കാരിക സംഘടനയായ ‘കഥാരംഗ’ത്തിന്റെ അധ്യക്ഷനായിരുന്നു. ബാംഗ്ലൂരിലായിരുന്നപ്പോഴും മനസ് നാട്ടിലായിരുന്നു. ഓർമ്മകളെല്ലാം അദ്ദേഹം അക്ഷരങ്ങളിൽ ചാലിച്ചു. നാടിന്റെ കലാസാംസ്ക്കാരിക പാരമ്പര്യവും പഠന കാലവും ബാങ്കിങ്ങും ‘ഓർമ്മകളുടെ നിക്ഷേപം ‘ എന്ന പുസ്തകത്തിലുണ്ട്. വടക്കൻ കേരളത്തിന്റെ ചരിത്രവും കലാസാംസ്ക്കാരികപ്പെരുമയും ഫോക്ക്ലോറും വിവരിക്കുന്നതാണ് ‘ അത്യുത്തര കേരളത്തിന്റെ
സാംസ്ക്കാരികപ്പെരുമ’ എന്ന ഗ്രന്ഥം. നാടിന്റെ ചരിത്രവും ഓർമ്മകളുമാണ് ‘സുകൃതമീ ജീവിതം’ എന്ന പുസ്തകം.
ബാംഗ്ലൂരിലെ സാംസ്ക്കാരിക സദസുകളിലെല്ലാം പ്രഭാഷകനായിരുന്നു. അങ്ങിനെ ബാംഗ്ലൂർ മലയാളികൾക്കിടയിലും അദ്ദേഹം നിറഞ്ഞുനിന്നു. മൂന്നു വർഷം മുമ്പായിരുന്നു ഭാര്യ വത്സല ചേച്ചിയുടെ വിയോഗം.അന്ന് വിളിച്ചപ്പോഴും അദ്ദേഹം ധൈര്യം കൈവിട്ടിരുന്നില്ല.
ഒമ്പതു പതിറ്റാണ്ടിലേറെ കാലത്തെ സംഭവബഹുലമായ ജീവിതമായിരുന്നു അത്. അദ്ദേഹം എഴുതിയതു പോലെ ….
“സുകൃതമീ ജീവിതം”