മൃഗസംരക്ഷണം: സംസ്ഥാനത്ത് 2000 എ-ഹെല്‍പ്പര്‍മാർ

കേരളത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇനി  എ-ഹെൽപ്പർമാർ ഉണ്ടാകും. മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച എ -ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫ് ലൈവ് സ്റ്റോക്ക് ) പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു.

ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ആശാ വര്‍ക്കര്‍മാരുടെ മാതൃകയില്‍ എ- ഹെല്‍പ്പര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 13 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ മൃഗസംരക്ഷണ മേഖലയ്ക്കും സ്ത്രീശാക്തീകരണത്തിനും കൂടുതല്‍ ശക്തിപകരുന്നതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എ- ഹെല്‍പ്പര്‍മാര്‍ക്കുള്ള പരിശീലന കിറ്റുകളുടെ വിതരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.

കുടുംബശ്രീയുടെ സാന്നിധ്യമോ ഇടപെടലോ ഇല്ലാത്ത ഒരു പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തില്‍ നടക്കുന്നില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നാടിനാകെ പ്രയോജനപ്പെടുന്ന പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമിട്ടത്. തൊഴില്‍, ഉപജീവന മാര്‍ഗം, വരുമാനം എന്നിവ സൃഷ്ടിക്കുന്നതില്‍ മികച്ച മാതൃകയാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *