കേരളത്തിൽ അഞ്ചു മാസത്തിനുള്ളിൽ 50000 സംരംഭങ്ങൾ
കഴിഞ്ഞ അഞ്ചു മാസം കൊണ്ട് കേരളത്തിലെ സംരംഭക മേഖലയിൽ വൻ മുന്നേറ്റമാണ് ഉണ്ടായതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ഈ കാലയളവിൽ അൻപതിനായിരത്തിലധികം സംരംഭങ്ങൾ, 3000 കോടിയോളം രൂപയുടെ നിക്ഷേപം, 1,10,000 തൊഴിലവസരങ്ങൾ എന്നിവ ഉണ്ടായതായി മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
സംരംഭക വർഷം പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിൽ അര ലക്ഷത്തിലേക്കെത്താൻ അഞ്ചു മാസം പോലും വേണ്ടിവന്നില്ല.സ്ത്രീകൾ സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യത്തിലും വലിയ മുന്നേറ്റം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരംഭിച്ച അൻപതിനായിരം സംരംഭങ്ങളിൽ പതിനാറായിരവും സ്ത്രീകളുടേതാണ്.
മലപ്പുറം, എറണാകുളം ജില്ലകളിൽ അയ്യായിരത്തിലധികം സംരംഭങ്ങളും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നാലായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി അൻപത്തി ആറായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.
വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർകോട് ജില്ലകളിലായി ആറായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിൽ 7500 പുതിയ സംരംഭങ്ങൾ നിലവിൽ വന്നു. 400 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 19500 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽമേഖലയിൽ 5800 സംരംഭങ്ങളും 250 കോടി രൂപയുടെ നിക്ഷേപവും 12000 തൊഴിലും ഉണ്ടായി.
ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് മേഖലയിൽ 2100 സംരംഭങ്ങളും 120 കോടി രൂപയുടെ നിക്ഷേപവും 3900 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 4300 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 270 കോടി രൂപയുടെ നിക്ഷേപവും 9900 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 17000 സംരംഭങ്ങളും 980 കോടിയുടെ നിക്ഷേപവും 32000 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.