ജില്ലാ പഞ്ചായത്തിന്റെ ‘യാനം’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ‘യാനം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷാ പരിശീലനവും തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് പദ്ധതിയിലൂടെ നല്‍കുക. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഡി പ്ലസ് നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായാണ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
എസ്.എസ്.എല്‍.സിക്ക് കണക്ക്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിലാണ് പരിശീലനം. പ്ലസ്ടുവില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഡിപ്ലസ് നേടാന്‍ കഴിയാത്ത എട്ട് വിഷയങ്ങള്‍ക്കാണ് പരിശീലനം ആരംഭിക്കുന്നത്. പ്ലസ്ടു വിഷയങ്ങളുടെ പരിശീലനം 18, 19, 20 തിയ്യതികളില്‍ ബി.ആര്‍.സി കേന്ദ്രങ്ങളില്‍ ആരംഭിക്കും.
തുടര്‍ന്ന് പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തൊഴില്‍ മേഖല കണ്ടെത്തുന്നതിനായി കോഴിക്കോട് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍, ജില്ലാ കരിയര്‍ ഗൈഡന്‍സ് വിഭാഗം, അസാപ് എന്നിവയുടെ സഹായത്തോടെ ക്ലാസ്സുകള്‍ ഒരുക്കും. തൊഴില്‍ കണ്ടെത്തുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
കുട്ടികള്‍ക്ക് പരീക്ഷയില്‍ വിജയമുറപ്പിക്കാനും ജീവിതത്തില്‍ പുതിയ തൊഴില്‍ മേഖല കണ്ടെത്തുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജില്ലയിലെ എസ്. എസ്. കെയുടെ കീഴിലുള്ള ബി. ആര്‍. സികളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പ്രോജക്ട്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലുള്ള എസ്.എസ്.കെ പ്രവര്‍ത്തകരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.