ഗുരുവായൂരിൽ ഹരിശ്രീ കുറിച്ചത് 372 കുരുന്നുകൾ
വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ 372 കുട്ടികൾ ഹരിശ്രീ കുറിച്ചു. രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം.
രാവിലെ ആറേ മുക്കാലോടെ ശീവേലി നടന്നു. സരസ്വതി പൂജ പൂർത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തെ വിദ്യാരംഭം വേദിയിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിച്ചു. ഭദ്രദീപം തെളിയിച്ച് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.
പ്രൊഫ. മേലേടം കേശവൻ നമ്പൂതിരി, മേച്ചേരി വാസുദേവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, നാഗേരി നാരായണൻ നമ്പൂതിരി, കോടയ്ക്കാട് ശശി നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിൽ കീഴ്ശാന്തിമാർ ആചാര്യന്മാരായി കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടർന്ന് അരിയിലും ആദ്യാക്ഷര മധുരം നുകർന്ന കുരുന്നുകൾ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഏറ്റുവാങ്ങി അക്ഷര ലോകത്തേക്ക് കടന്നു.
അക്ഷര ലോകത്തേക്ക് പിച്ചവെച്ച കുരുന്നുകൾക്ക് നോട്ട്ബുക്ക്, പേന, പലഹാരപാക്കറ്റ്, പഴം പഞ്ചസാര, ഓടക്കുഴൽ തുടങ്ങിയവ അടങ്ങിയ കിറ്റ് സമ്മാനമായി നൽകി. ശീവേലിക്കുശേഷം കൂത്തമ്പലത്തിൽ പൂജയ്ക്കുവച്ച പുസ്തകങ്ങൾ തിരികെ നൽകി.