ടൈംസ് റാങ്കിങ്ങ് : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 27-ാം സ്ഥാനത്ത്
2025 ലെ ‘ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ’ രാജ്യത്ത് 27-ാം സ്ഥാനം നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല.
92 രാജ്യങ്ങളിലെ 749 സർവകലാശാലകളെ ഉൾപ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയർ എജ്യുക്കേഷൻ ഇൻ്റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിങ്ങിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയ്ക്ക് ദേശീയതലത്തിൽ 27-ാം സ്ഥാനം നേടാനായത്. ആഗോള റാങ്കിംഗിൽ 350- 400 ബാൻഡിൽ ഉൾപ്പെടുന്ന കുസാറ്റ് റാങ്കിംഗ് പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനമാണ്.
ലോകത്താകമാനമുള്ള സർവ്വകലാശാലകളുടെ ഇൻ്റർ ഡിസിപ്ലിനറി സയൻസിനോടുള്ള പ്രതിബദ്ധതയും അതിലേക്കുള്ള സംഭാവനകളും കണക്കിലെടുത്ത് പുറത്തിറക്കുന്ന ടൈംസ് ഇൻ്റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗ് പട്ടിക വിവിധ മേഖലകളിലെ സർവകലാശാലകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. ഫണ്ടിംഗ്,മികവുകൾ, അടിസ്ഥാനസൗകര്യങ്ങൾ, ഭരണപരമായ പിന്തുണ, പ്രസിദ്ധീകരണങ്ങൾ,ഗവേഷണ നിലവാരം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
അഭിമാന നേട്ടം കരസ്ഥമാക്കിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അഭിനന്ദിച്ചു.