എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5 ശതമാനം വിജയം
2025 ലെഎസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം വിജയശതമാനം 99.69 ആയിരുന്നു.
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3,072 സെന്ററുകളിലായി 4,27,020 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
61,449 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 71,831 വിദ്യാർത്ഥികളായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
48 കേന്ദ്രങ്ങളിലായിരുന്നു ടി.എച്ച്.എസ്.എൽ.സി. പരീക്ഷ നടന്നത്. പരീക്ഷ എഴുതിയ 3,055 വിദ്യാർത്ഥികളിൽ 3,039 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 99.48. തൃശൂർ കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന എ.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 66 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 66 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹതനേടി. നൂറ് ശതമാനമാണ് വിജയം.
ഉത്തര കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 12 മുതൽ 17 വരെ ഓൺലൈനായി അപേക്ഷ നൽകണം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ രണ്ട് വരെ നടത്തി ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും.