അര നൂറ്റാണ്ടു മുമ്പ് ഞങ്ങളും പാസ്സായി എസ്.എസ്.എല്‍.സി. 

എന്‍.പി.രാജേന്ദ്രന്‍
 
ഇത്തവണ എസ്.എസ്.എല്‍.സി ഫലം പത്രത്തില്‍ വന്നപ്പോള്‍ ഒരു കാര്യം ഓര്‍ത്തു. ഞാന്‍ അര നൂറ്റാണ്ടു മുമ്പ്  ഇതേ ദിവസങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായത് !
ഓര്‍ക്കുമ്പോള്‍ ഇത്തിരി നാണക്കേട് തോന്നുന്നുണ്ട്. ഇത്തവണ 99.47 ശതമാനം കുട്ടികളാണ് പരീക്ഷ പാസ്സായത്. ഓര്‍മ്മ ശരിയെങ്കില്‍ അന്ന്‌ മുപ്പതു ശതമാനത്തില്‍ താഴെ ആയിരുന്നു ജയം. പാസ് കുറവാണ് എന്നതുപോകട്ടെ. ഒരു അപമാനകരമായ പരാമര്‍ശവും പത്രങ്ങളില്‍
 
 
ഉണ്ടായിരുന്നു. ശരിക്ക് പാസ്സായത് 24 ശതമാനം മാത്രം. ബാക്കി മോഡറേഷനിലാണ് ജയിച്ചത് എന്ന്. പോരേ നാണംകെടാന്‍, വേറെ വല്ലതും വേണോ? തോറ്റവര്‍ക്ക് അഞ്ചും പത്തും ശതമാനം മാര്‍ക്ക് വെറുതെ കൊടുത്തു പാസ്സാക്കുന്ന തട്ടിപ്പിനാണ് മോഡറേഷന്‍ എന്ന പേരിട്ടിരുന്നത്. 
 
ഇപ്പോള്‍ അത്തരം തട്ടിപ്പൊന്നുമില്ല. പേപ്പര്‍ പരിശോധിക്കുമ്പോള്‍തന്നെ സമൃദ്ധമായി കൊടുക്കും മാര്‍ക്ക്. അക്കാലത്തെ എണ്‍പത് ശതമാനം മാര്‍ക്കിനേക്കാള്‍ കേമമാണ് ഇന്നത്തെ എ പ്ലസ്. ഒന്നേകാല്‍ ലക്ഷം
 
 
കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. അന്ന് ഈ ജയിക്കുന്ന മുപ്പത് ശതമാനത്തില്‍തന്നെ പാതിയേ കോളേജിലെത്തു. കിട്ടുന്നത് ഇഷ്ടവിഷയമാകുന്നത് ചെറു ന്യൂനപക്ഷത്തിനു മാത്രം. ഇന്നിപ്പോള്‍ എല്ലാവര്‍ക്കും കിട്ടും കോളേജില്‍ സീറ്റ്… ഇഷ്ടവിഷയം  കിട്ടില്ലെങ്കിലും.
 
അന്ന് വേനല്‍ക്കാലം അച്ഛന്റെ ജോലിസ്ഥലത്ത് ചെലവഴിച്ച് റിസള്‍ട്ട് വരുന്ന ദിവസമാണ് ട്രെയ്‌നില്‍ തലശ്ശേരിക്കു മടങ്ങിവരുന്നത്. ട്രെയിന്‍ കോഴിക്കോട്ട് നിറുത്തുന്നതു വരെ അത്യാകാംക്ഷയോടെ ഉറക്കമൊഴിച്ച് കാത്തിരിപ്പായിരുന്നു. പാഞ്ഞുചെന്നു പത്രം വാങ്ങി.  ഒന്നാം
 
 
പേജില്‍തന്നെ തലശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു. നൂറു ശതമാനം ജയം…സ്റ്റേഷനില്‍ ആനന്ദനൃത്തം ചവിട്ടി ഞങ്ങള്‍ ട്രെയിനിലേക്ക് മടങ്ങി. എന്റെയൊപ്പം പരീക്ഷയെഴുതിയ സഹപാഠി കൂടിയുണ്ടായിരുന്നു ട്രെയിനില്‍. 
സംസ്ഥാനത്ത് രണ്ടോ മൂന്നോ സ്‌കൂളുകളിലാണ് നൂറു മേനി ജയം ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടാണ് ഫോട്ടോ കോഴിക്കാട്ടും ഒന്നാം പേജില്‍ വന്നത്. ഈ വര്‍ഷം എത്രയാണ് നൂറു മേനി എന്നു നോക്ക്- 2214 സ്‌കൂളുകള്‍ക്ക് !!
 
ട്രെയ്ന്‍ തലശ്ശേരിയെത്തുംവരെ ഞങ്ങള്‍ നമ്പര്‍ നോക്കിയിരുന്നില്ല. ഗ്രൂപ്പ് ഫോട്ടോ കണ്ടതിന്റെ സന്തോഷത്തില്‍ കിസ്സ പറഞ്ഞിരിപ്പായിരുന്നു.
 
 
എങ്കിലും ട്രെയ്‌നിറങ്ങും മുന്‍പ് വെറുതെ നമ്പറൊന്നു നോക്കിയപ്പോള്‍ ഞെട്ടി. നമ്പറിനു മുകളില്‍ നക്ഷത്രം ! വേറെയും രണ്ടു പത്രം നോക്കി ഉറപ്പുവരുത്തി. ഫസ്റ്റ് ക്ലാസ് ഉണ്ട്…
പുതുതലമുറക്കാരുടെ മുഖത്തു നോക്കാന്‍ ലജ്ജയുണ്ട്. ഈ ഫസ്റ്റ് ക്ലാസ് എന്നു പറയുന്നത് വെറും 60 ശതമാനം മാര്‍ക്കാണ്. നൂറ്റി മുപ്പതോളം പേര്‍ പാസ്സായ എന്റെ സ്‌കൂളില്‍ ഫസ്റ്റ് ക്ലാസ് പത്തോ പതിനഞ്ചോ പേര്‍ക്കു മാത്രമായിരുന്നു.
 
ഇന്നു പരീക്ഷയെഴുതിയവര്‍ ഏതാണ്ട് എല്ലാവരും ജയിക്കും. ജയിച്ചവര്‍ക്കെല്ലാം കോളേജില്‍ പ്രവേശനം കിട്ടും. കൈയില്‍ കാശുണ്ടെങ്കില്‍ എവിടെയെങ്കിലും പോയി മെഡിസിനോ
 
 
എന്‍ജിനീയറിങ്ങിനോ ചേരാം… അങ്ങനെയങ്ങനെ…. ജോലിയുടെ കാര്യം മാത്രം അറിയില്ല… ആകപ്പാടെ ഇതെല്ലാം വലിയ വഞ്ചനയല്ലേ എന്നു ചോദിച്ചു പോകുന്നു. വിദ്യാഭ്യാസം എന്ന വന്‍കച്ചവടത്തിന് ഉപഭോക്താക്കളെ ഉണ്ടാക്കിക്കൊടുക്കാനല്ലേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ 99ഉം നൂറും ശതമാനം പേരെ ജയിപ്പിച്ച് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുന്നത് ? കുട്ടികളും രക്ഷിതാക്കളും പാപ്പരായാലും സാരമില്ല, വിദ്യാഭ്യാസവ്യവസായം വന്‍ജയം നേടട്ടെ… 
 
(മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമാണ് ലേഖകൻ )
 

2 thoughts on “അര നൂറ്റാണ്ടു മുമ്പ് ഞങ്ങളും പാസ്സായി എസ്.എസ്.എല്‍.സി. 

  1. അന്നത്തെ തോറ്റവരുടെ വിവരം പോലും ഇപ്പോൾ ഫസ്റ്റ് ക്ലാസ്സ്‌ ഉള്ളവർക്ക് ഇല്ല

  2. How true!! First class was a big dream. It was real merit which mattered.
    True for degree exams also.
    Now results a shame on our system!!

Leave a Reply

Your email address will not be published. Required fields are marked *