ഇവിടെ സമർത്ഥരായ ശാസ്ത്രജ്ഞർ ഉണ്ടാകാനുള്ള സാഹചര്യമുണ്ടോ ?

ഡോ.വി.ശശികുമാർ

ഞാൻ അന്നത്തെ കൊച്ചി സർവ്വകലാശാലയിൽ ഫിസിക്സ് എംഎസ്സിക്കു പഠിക്കുന്ന കാലം (1974-76). മുതിർന്ന പ്രൊഫസറായ കൃഷ്ണപിള്ളസാർ ഒരുദിവസം ക്ലാസിൽവന്ന് അത്ഭുതത്തോടെ ഒരു കാര്യം പറഞ്ഞു. അക്കാലത്ത് ദേശീയതലത്തിൽ നടത്തിയിരുന്ന ഒരു മത്സരപരീക്ഷയായിരുന്നു നാഷണൽ സയൻസ് ടാലന്റ് സെർച്ച് എക്സാമിനേഷൻ. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആ പരീക്ഷ എഴുതേണ്ടത്. അതിന്റെ ഉത്തരക്കടലാസുകൾ സാറിനും കിട്ടി പരിശോധിക്കാനായി. ദീർഘമായി ഉത്തരമെഴുതേണ്ട ഒരു ചോദ്യമാണ് ചോദ്യക്കടലാസിൽ ഉണ്ടാവുക (അതിനുതന്നെ പല ഓപ്ഷനുകളും ഉണ്ടാകും). അങ്ങനെ അടിസ്ഥാന കണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌
ഒരു കുട്ടി ഉത്തരം തുടങ്ങിയിരിക്കുന്നത് 8-fold symmetry എന്ന ആശയത്തോടെയാണ്. ഞങ്ങൾ എം.എസ്സി.ക്ക് ഇതു പഠിക്കുന്നത് രണ്ടാംവർഷമാണ് ! അപ്പോൾ പ്രീഡിഗ്രിക്കു പഠിക്കുന്ന ഒരു കുട്ടിക്ക് ഇതെങ്ങനെ എഴുതാൻ കഴിഞ്ഞു എന്നതാണ് സാറിനും ഇതു കേട്ടപ്പോൾ ഞങ്ങളിലും അത്ഭുതമുണ്ടാക്കിയത്.

അവിടെ തീരുന്നില്ല. ഞങ്ങളെ ക്വാണ്ടം ബലതന്ത്രം പഠിപ്പിച്ചിരുന്ന പ്രൊഫ.ബാബു ജോസഫ് സാർ അടുത്തൊരു ദിവസം വന്നിട്ട് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ഒരു പ്രഭാഷണത്തിനു പോയതിന്റെ അനുഭവം ഇതുപോലെ അത്ഭുതത്തോടെ വിവരിച്ചു. പ്രഭാഷണം കഴിഞ്ഞ് കുട്ടികളുമായി സംസാരിക്കുമ്പോൾ ഒരു ചെറിയ കുട്ടിയുടെ കയ്യിൽ A Pedestrian Approach to Quantum Field Theory എന്ന പുസ്തകം കണ്ടു. ആ കുട്ടിയെ അടുത്തു വിളിച്ച് ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് തിരക്കിയപ്പോൾ ഹൈസ്ക്കൂളിലാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അപ്പോൾ സാർ പറഞ്ഞു ഈ പുസ്തകമൊക്കെ വായിക്കുന്നതു കൊള്ളാം, പക്ഷെ മനസ്സിലാകുന്നതും വായിക്കണമെന്ന്. സാർ, ഇതിലെ ആദ്യത്തെ നാല് അദ്ധ്യായങ്ങളിലെ ചോദ്യങ്ങൾക്കു ഞാൻ ഉത്തരം കണ്ടെത്തിക്കഴിഞ്ഞു എന്നായിരുന്നു ആ കുട്ടിയുടെ ഞെട്ടിക്കുന്ന മറുപടി ! ഞങ്ങളോട് വായിക്കാനായി ബാബുസാർ പറഞ്ഞിരുന്നതും നാലു പേജിനപ്പുറം വായിക്കാനാവാത്തതുമായിരുന്നു ആ പുസ്തകം എന്നതാണ് ഞങ്ങളിൽ ഏറ്റവും അത്ഭുതമുണ്ടാക്കിയ കാര്യം.

ഒരു പക്ഷെ, ഈ രണ്ടു കുട്ടികളിൽ ഒരാൾ താണു പത്മനാഭനായിരുന്നിരിക്കും. ഇതൊക്കെ എങ്ങനെ സാധിച്ചു എന്നതു മനസ്സിലാക്കാനായി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഞാനിവിടെ, അതായത് തിരുവനന്തപുരത്ത് ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ജോലികിട്ടി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഇവിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 1970 കളിൽ സയൻസ് സൊസൈറ്റി എന്നൊന്നുണ്ടായിരുന്നു എന്നും അതിന് നേതൃത്വം നൽകിയിരുന്നത് മറ്റാരുമല്ല, നൊബെൽ സമ്മാനം കഷ്ടിച്ചു നഷ്ടപ്പെട്ട പ്രൊഫ. ഇ.സി.ജി. സുദർശനായിരുന്നു എന്നും. അവർ ചെയ്തതെന്തായിരുന്നു? ഹൈസ്കൂളിൽ പഠിക്കുന്ന സമർത്ഥരായ കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ശാസ്ത്രത്തിൽ പ്രത്യേകമായി ക്ലാസെടുക്കുകയായിരുന്നു. പാഠപുസ്തകങ്ങൾ തൽക്കാലം മാറ്റി വെച്ചിട്ട് സയൻസിലെ ജനപ്രിയ പുസ്തകങ്ങൾ വായിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം പ്രൊഫ. സുദർശനുമായും മറ്റ് ശാസ്ത്രജ്ഞരുമായും ഇടയ്ക്കിടയ്ക്കുള്ള കൂടിക്കാഴ്ചകളും. അങ്ങനെ കുട്ടികൾ സയൻസിലെ അടിസ്ഥാനതത്വങ്ങൾ വളരെ നന്നായി ഉൾക്കൊണ്ടു. അതുകഴിഞ്ഞാൽ പിന്നെ പരീക്ഷയ്ക്കു പഠിക്കുക എന്നത് വളരെ എളുപ്പമായി. അവർ നല്ല മാർക്കോടെ ജയിക്കുകയും ചെയ്തു.

ഈ കൂട്ടത്തിൽപ്പെട്ട രണ്ടുപേരാണ് ആദ്യകാലത്തുതന്നെ പ്രാഗൽഭ്യം തെളിയിച്ചത്. അവരിലൊരാൾ തീർച്ചയായും താണു പത്മനാഭനായിരുന്നു. മറ്റേയാൾ ഒരു പരമേശ്വരൻ നായരായിരുന്നു. അദ്ദേഹമിപ്പോൾ അമേരിക്കയിലെ സിറ്റി കോളേജ് ഓഫ് ന്യൂയോർക്കിൽ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസ്സറാണ്. അദ്ദേഹവും ഗവേഷണം നടത്തുന്നത് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽത്തന്നെ. ഞാൻ കേട്ടിട്ടില്ലാത്ത വേറെയും പ്രഗത്ഭർ അക്കൂട്ടത്തിൽ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം.

ഇവിടെ പ്രസക്തമായത് ഇതൊന്നുമല്ല. ഇങ്ങനെയുള്ള കുറേ പ്രഗത്ഭരെ വാർത്തെടുക്കാൻ സഹായിച്ച അന്നത്തെ അന്തരീക്ഷമാണ്. അതിൽ ഞാൻ കാണുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി, മെഡിസിൻ അല്ലെങ്കിൽ എഞ്ചിനീയറിങ് എന്ന നിർബ്ബന്ധം കാട്ടാതിരുന്ന മാതാപിതാക്കളും അദ്ധ്യാപകരും ഈ കുട്ടികളെ അവർക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിച്ചു എന്നതാണ്. രണ്ട്, സുദർശനെപ്പോലെ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരെ വാർത്തെടുക്കാനായി ഒരു സംവിധാനം നിലവിൽവന്നു എന്നതും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇവിടെ സമർത്ഥരായ ശാസ്ത്രജ്ഞർ ഉണ്ടാകാ നുള്ള വിഭവദാരിദ്ര്യമില്ല, അതിനുള്ള അന്തരീക്ഷമാണ് ഇല്ലാത്തത്. രാഷ്ട്രീയ കലഹങ്ങളുടെയും കൊലപാതകങ്ങളുടെയും മധ്യത്തിൽ പത്മനാഭനെപ്പോലെയുള്ള പ്രഗത്ഭർ വളർന്നുവരണം എന്ന് ആഗ്രഹിക്കുന്നത് അൽപ്പം അതിരു കടന്നതല്ലേ? ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിലോ മറ്റേതെങ്കിലും കോളേജിലോ അതിനുതകുന്ന അന്തരീക്ഷമുണ്ടോ? അക്രമ രാഷ്ട്രീയമാണോ പ്രഗത്ഭരെ വാർത്തെടുക്കലാണോ വിദ്യാലയങ്ങളുടെ ലക്ഷ്യം എന്ന് കേരള ജനത തീരുമാനിക്കണം. വേണമെന്നുണ്ടെങ്കിൽ ഇനിയും ഇവിടെ നിന്ന് പത്മനാഭന്മാരും പരമേശ്വരന്മാരും വളർന്നുവരും, സംശയമില്ല.

( തിരുവനന്തപുരം ക്ലൈമറ്റ് കേരളയിലെ ശാസ്ത്രജ്ഞനാണ് ലേഖകന്‍ )

2 thoughts on “ഇവിടെ സമർത്ഥരായ ശാസ്ത്രജ്ഞർ ഉണ്ടാകാനുള്ള സാഹചര്യമുണ്ടോ ?

  1. An appropriate and truthful statement by the writer…Vicious atmosphere in our educational institutions have denied opportunity to many bright sparks to glow and shine. Politicians and parents are equally responsible for this…We can only hope and pray that things will turn around in the years ahead.

  2. Though my intellectual faculties to grasp Physics
    used to prevent me from interacting closely with d student prodigies,referred to, i enjoyed, observing them closely nd had even dared to talk to them,sometimes.Parameawaran was my senior in school.Padmanabhan,I came to know of from his days as a BSc student.
    Even in those days, many college campuses had become fertile recruitment ground for political parties to pursue their ruthless narrow agendas but not at d cost of d entire fabric.One need not seek elsewhere, why all students capable of managing to take up studies in better educational institutions, outside kerala, flock to them.
    Such is d state of affairs,here that those with high aspirational levels refuse to take up teaching assignments here,after completing their courses.This is very a very destructive kind of brain drain that puts Kerala in poor light within d country as well as in abroad.

Leave a Reply

Your email address will not be published. Required fields are marked *