എസ്.എസ്.എൽ.സി. പരീക്ഷാഫലം മെയ് 20 നകം, പ്ലസ് ടു 25 നകം- മന്ത്രി
എസ്. എസ് .എൽ. സി. പരീക്ഷാഫലം മെയ് 20 നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25 നകവും പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എസ്. എസ്. എൽ. സി. യുടെയും സി.ബി.എസ്.ഇ പത്താം ക്ലാസിന്റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി ബാച്ച് പുനക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വരുന്ന അധ്യയന വർഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതിൽ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണം പുരോഗമിക്കുന്നു.
കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു. 41.5 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് നൽകുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾ പി.ടി.എ പ്രസിഡണ്ട്മാരുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മെയ് അഞ്ചു മുതൽ 15 വരെ ജില്ലാതലത്തിൽ വിളിച്ചുകൂട്ടുന്ന നടപടി ആരംഭിച്ചു.