മലയാള ഭാഷയെ പ്രിയപ്പെട്ടതാക്കാൻ സ്ക്കൂളുകൾക്കെല്ലാം റേഡിയോ

വിദ്യാർത്ഥികളിൽ അച്ചടി മലയാള ഭാഷ പരിചയപ്പെടുത്താനും മലയാള ഭാഷയോട് താല്പര്യം ജനിപ്പിക്കാനുമായി സ്‌ക്കൂളുകളിൽ റേഡിയോ വിതരണം ചെയ്ത് പഞ്ചായത്ത്. എറണാകുളം ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലാണിത്. പഞ്ചായത്ത്‌ പരിധിയിലെ സ്‌ക്കൂളുകളിലെ ക്ലാസ്സുകളിൽ ഓരോ റേഡിയോ വീതം വിതരണം ചെയ്യാനാണ് പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ 30 അങ്കണവാടികളിൽ റേഡിയോ വിതരണം ചെയ്തു കഴിഞ്ഞു.

ഓൾ ഇന്ത്യ റേഡിയോ ലിസണേഴ്സ് വെൽഫയർ അസോസിയേഷനുമായി സഹകരിച്ചാണ് ഗ്രാമ പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കുന്നത്. റേഡിയോ കേൾക്കുന്നത് വഴി കുട്ടികളിലെ മലയാള ഭാഷ മെച്ചപ്പെടുന്നതിനൊപ്പം പൊതുവിജ്ഞാനവും ലോകപരിചയവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി.രാജേഷ് പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിലായിരിക്കും സ്‌ക്കൂളുകളിലെ റേഡിയോ വിതരണം. ട്രാൻസിസ്റ്റർ റേഡിയോ വഴി എ.എം. റേഡിയോ ആയിരിക്കും വിദ്യാർത്ഥികൾക്ക് കേൾക്കാൻ സാധിക്കുക. അങ്കണവാടികളിൽ ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് മാനസിക ഉല്ലാസം ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *