ക്വിസ്സ് പ്രസ്സ് മത്സരം എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ ഉദ്‌ഘാടനം ചെയ്തു

ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

പലതരം പുതിയ ലഹരികളുടെ കാലത്താണ് നാം ജീവിക്കുന്നതെന്നും അമ്മയെയും കുടുംബാംഗങ്ങളെയും സ്നേഹിച്ചാല്‍ മറ്റൊരു ലഹരിയിലേക്കും വീഴാതെ പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്നും എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ പറഞ്ഞു. കേരളമീഡിയ അക്കാദമിയുടെ ‘ക്വിസ്സ് പ്രസ്സ് ‘ മത്സരം തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘അറിവാണ് ലഹരി’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ക്വിസ് പ്രസ്സ് – 2022’ പ്രശ്നോത്തരിയുടെ ദക്ഷിണ മേഖലാ മത്സരത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.എം.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ശബരിനാഥ് വി.എസ്, ഹരികൃഷ്ണന്‍ എസ്.എസ് എന്നിവരുടെ ടീം ഒന്നാം സമ്മാനം നേടി. എം.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി വിഷ്ണു മഹേഷ് , എം.എസ്.സി സുവോളജി വിദ്യാര്‍ത്ഥിനി അനുഷ.എ.എസ്, എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. ഇഗ്‌നോ തിരുവനന്തപുരം സെന്ററിലെ വിദ്യാര്‍ത്ഥികളായ അരവിന്ദ് എം.ജെ, അമല്‍ എ എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി. ഒന്ന് രണ്ട് സ്ഥാനക്കാര്‍ക്ക് 10000, 5000 രൂപ വീതം ലഭിക്കും.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍  ജി.എസ്.പ്രദീപ് ക്വിസ്സ് മത്സരം നയിച്ചു. സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ഡോ. ജി. രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു മുഖ്യ പ്രഭാഷണം നടത്തി. മത്സരത്തോട് അനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനം സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി.സുനില്‍ കുമാര്‍ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.

കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, അസി.സെക്രട്ടറി പി.കെ. വേലായുധന്‍, സരസ്വതീ വിദ്യാലയ പ്രിന്‍സിപ്പല്‍ ഷൈലജ ഒ.ആര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ്, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്.രാജേഷ് എന്നിവര്‍ സംസാരിച്ചു. സരസ്വതീ വിദ്യാലയ വൈസ് ചെയര്‍ പേഴ്സണ്‍ ഡോ. ദേവി മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡിസംബര്‍ എട്ടിന് വടകര മടപ്പളളി ഗവ. കോളേജിലാണ് ഉത്തരമേഖലാ മത്സരം നടക്കുക. ഡിസംബര്‍ 26 ന് തളിപ്പറമ്പ് ധര്‍മ്മശാലാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഗാഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ 50000, 10000, 5000 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *