പ്രൊഫ.ടി.സി.മാധവ പണിക്കറെ അനുസ്മരിച്ചു
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറും ജിയോളജി പ്രൊഫസറുമായിരുന്ന ടി.സി. മാധവപണിക്കറുടെ ആറാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ജിയോ അലംനാസിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.വി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കാസർകോട് ഗവ.കോളേജിലെ ജിയോളജി വകുപ്പിൻ്റെ ഉന്നതിക്കായി പ്രവർത്തിച്ച ടി.സി. മാധവ പണിക്കർ മാതൃകാ അധ്യാപകനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സീനിയർ മാധ്യമ പ്രവർത്തകനും ജോർ ഡെയ്സ് അസി.എഡിറ്ററുമായ ശശിധരൻ മങ്കത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.1963 മുതൽ കാസർകോട് ഗവ. കോളേജിൽ ജിയോളജി അധ്യാപകനായി പ്രവർത്തിച്ച പ്രൊഫ.ടി.സി. മാധവപണിക്കർ പരിസ്ഥിതി -സാമൂഹ്യ പ്രവർത്തനത്തിൽ എന്നും മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് ജിയോളജിസ്റ്റുകളെ വാർത്തെടുത്ത ഈ അധ്യാപകൻ്റെ ശിഷ്യർ ഇന്ത്യയിലെ പല ഭൗമശാസ്ത്ര സ്ഥാപനങ്ങളിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര മേഖലയിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും – ശശിധരൻ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ മെമ്പർ സെക്രട്ടറി.കെ.കെ.രാമചന്ദ്രൻ, ഒ.എൻ.ജി.സി റിട്ട. ജനറൽ മാനേജർ
എൻ.അശോക് കുമാർ, ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീമതിഗോപിനാഥ്, സി.എൽ.ഹമീദ്, നാരായണൻ പേരിയ എന്നിവർ പ്രസംഗിച്ചു. ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ വി.ഗോപിനാഥൻ സ്വാഗതവും ജിയോളജി വകുപ്പ് മേധാവി എ.എൻ. മനോഹരൻ നന്ദിയും പറഞ്ഞു.
ഗവ. കോളേജ് ഇംഗ്ലീഷ് വകുപ്പ് മുൻ മേധാവി പ്രൊഫ. ബി.എഫ്. അബ്ദുറഹ്മാൻ, കേന്ദ്ര ഭൂജലബോർഡ് കർണ്ണാടക–ഗോവ മേഖലാ
ഡയരക്ടറായിരുന്ന വി. കുഞ്ഞമ്പു, ഒ.എൻ.ജി.സി. റിട്ട. ജനറൽ മാനേജർ എൻ. അശോക് കുമാർ എന്നിവർ പ്രൊഫ. ടി.സി. മാധവപണിക്കർ എൻ്റോവ്മെൻ്റും ഉപഹാരങ്ങളും സമ്മാനിച്ചു.
കണ്ണൂർ സർവ്വകലാശാല എം.എസ്.സി ജിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ജൂവിരിയ, ബി.എസ്.സി പരീക്ഷയിൽ ഒന്നാം
റാങ്ക് നേടിയ എം.ശ്രീരാജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് പി.ച്ച്.ഡി. നേടിയ കെ.എം.വിദ്യയും ഉപഹാരം സ്വീകരിച്ചു.
അറുപതുകളിൽ ജിയോളജി എന്ന വിഷയം കേരളത്തിന് പരിചയപ്പെടുത്തിയ ഭൗമശാസ്ത്രജ്ഞനാണ് പ്രൊഫ.ടി.സി. മാധവപണിക്കർ. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ജിയോളജി ഓണേഴ്സ് ബിരുദം നേടി കാസർകോട് ഗവ. കോളേജിൽ ജിയോളജി വകുപ്പ് തുടങ്ങിയപ്പോൾ 1963 ൽ ഇവിടെ അധ്യാപകനായി എത്തി. വകുപ്പ് മേധാവിയും പ്രിൻസിപ്പലുമായി. കൊയിലാണ്ടി ഗവ. കോളേജ്, പേരാമ്പ്ര സി.കെ.ജി. മെമ്മോറിയൽ കോളേജ്, തലശ്ശേരി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചു.1990 ൽ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായാണ് വിരമിച്ചത്. 2018 ൽ അന്തരിച്ചു.