പയ്യന്നൂർ ഫിഷറീസ് കോളേജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കണം – മുഖ്യമന്ത്രി

കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) കീഴിലുള്ള പയ്യന്നൂര്‍ ഫിഷറീസ് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ മത്സ്യ കയറ്റുമതിയില്‍ മുന്നില്‍ നിന്ന സംസ്ഥാനമായിരുന്നു കേരളം. ആ സ്ഥാനത്തേക്ക് വീണ്ടും ഉയരണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് മത്സ്യമേഖല. മത്സ്യ ഉല്‍പാദനത്തിന്റെ 25 ശതമാനം ഉള്‍നാടന്‍ മത്സ്യസമ്പത്താണ്. അത് വര്‍ധിപ്പിക്കുന്നതിനാവശ്യമായ ജലസമ്പത്ത് കേരളത്തിനുണ്ട്. ഈ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

ഉള്‍നാടന്‍ മത്സ്യകൃഷിക്കാവശ്യമായ പ്രോത്സാഹനങ്ങളും പരിശീലനങ്ങളും ഫിഷറീസ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടപ്പാക്കണം. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ മറികടക്കാനുള്ള പരിശോധനകള്‍ നടത്തി ജനങ്ങളിലെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ആദ്യ ഫിഷറീസ് കോളേജ് 1979 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 44 വര്‍ഷത്തിന് ശേഷമാണ് രണ്ടാമത്തെ ഫിഷറീസ് കോളേജ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരില്‍ യാഥാര്‍ഥ്യമായത്.

2022 ജൂണ്‍ ഒന്നിനാണ് ഫിഷറീസ് കോളേജിന് ഭരണാനുമതി ലഭിക്കുന്നത്. ബി. എഫ്. എസ്. സി. കോഴ്സിന് 40 സീറ്റുകളാണ് കോളേജിന് അനുവദിച്ചത്. പയ്യന്നൂരില്‍ ടെമ്പിള്‍ റോഡില്‍ 20,000 ചതുരശ്ര അടിയിലുള്ള വാടക കെട്ടിടത്തിലാണ് കോളേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ പന്ത്രണ്ടര ഏക്കര്‍ സ്ഥലം കോളേജ് കെട്ടിടത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ക്ളാസുകള്‍ താല്‍ക്കാലിക വാടക കെട്ടിടത്തില്‍ നടക്കും.

കുഫോസ് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ.എം റോസലിന്‍ഡ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ. വി. സുമേഷ് എം.എല്‍.എ, ടി. ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, ദിനേശ് കൈപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *