പേറ്റന്റ് ഫയൽ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡോ.അജിത് പ്രഭു. വി

പേറ്റന്റ് ഫയൽ ചെയ്യുന്നതിനുമുമ്പ് ഏതൊരാളും ചില പ്രധാനപ്പെട്ട വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു :

പേറ്റന്റ് ഫയൽ ചെയ്യുന്നതിനു കാലതാമസം വരുത്തരുത്. ഫയൽ ചെയ്യുന്നതിനുമുമ്പായി നിങ്ങളുടെ കണ്ടുപിടിത്തം ആരുമായും ചർച്ചചെയ്യുകയോ എവിടെയും പ്രസിദ്ധീകരിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുന്നത് ബുദ്ധിയല്ല.

കണ്ടുപിടിത്തത്തിന്റെ നവീനത സ്ഥിരീകരിക്കാതെ ഫയൽചെയ്യരുത്. പേറ്റന്റ് ഫയൽ ചെയ്യുന്നതിനു മുന്നോടിയായി സൂക്ഷ്മമായ പേറ്റന്റ് തിരച്ചിൽ (Patent Search) നടത്തുക.

പ്രൊവിഷണൽ അപേക്ഷകൾ (Provisional Application) എത്രയും വേഗം ഫയൽചെയ്യുക.

ഗവേഷണരംഗത്തെ സാദ്ധ്യതകൾ തിരിച്ചറിയുന്നതിന് പേറ്റന്റ് രേഖകൾ പരിശോധിക്കുക. ഫയൽചെയ്യുന്നതിനു മുന്നോടിയായി ആ രാജ്യത്തെ വിപണനസാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുക.

രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുള്ള കരാർ ഒപ്പിടാതെ കണ്ടുപിടിത്തത്തെക്കുറിച്ച് ആരുമായും ചർച്ചചെയ്യുകയോ പൊതുവിൽ പ്രദർശിപ്പിക്കുകയോ ചെയ്യരുത്.

പേറ്റന്റ് ഒരു സാങ്കേതികവും നിയമപരവുമായ രേഖയാണ്. അതിനാൽ ഒരു പേറ്റന്റ് അറ്റോർണിയുടെ വിദഗ്ദ്ധാഭിപ്രായം തേടുന്നത് ഉചിതമാണ്. പേറ്റന്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ അംഗീകൃതപേറ്റന്റ് അറ്റോർണിയുമായി കണ്ടുപിടിത്തം വിശദമായി ചർച്ചചെയ്യുക.

ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പ്രദർശനത്തിൽ പ്രദർശിപ്പിക്കുകയോ, പരീക്ഷണാർത്ഥം മാത്രം പൊതുവിൽ പ്രയോഗിക്കുകയോ ചെയ്യേണ്ടിവന്നിട്ടുള്ള കണ്ടുപിടിത്തങ്ങളുടെ നവീനത സംരക്ഷിച്ചു കൊണ്ടുതന്നെ പേറ്റന്റ് ഫയൽ ചെയ്യുവാൻ ഒരു വർഷത്തെ കാലയളവ് ഗവൺമെന്റ് നൽകിയിരിക്കുന്നു.

പേറ്റന്റ് ഉടമയുടെ കാലശേഷം അവകാശങ്ങൾ ആർക്ക് ?

പേറ്റന്റ് ഉടമയുടെ കാലശേഷം അവകാശങ്ങൾ ആർക്ക് കൈമാറാം, അതിനുള്ള നടപടികൾ എന്തൊക്കെ തുടങ്ങിയ സംശയങ്ങൾ പലർക്കുമുണ്ട്. ഇൻഡ്യൻ പേറ്റന്റ് ആക്ടിലെ 44-ാം വകുപ്പ് ഇതിന് വ്യക്തമായ ഉത്തരം നല്കുന്നു. സാധാരണ പേറ്റന്റ് തേടുന്ന വ്യക്തിക്ക് പേറ്റന്റ് ലഭിക്കുന്നതിന് മുമ്പായി എന്നാൽ പേറ്റന്റ് ഫയൽ ചെയ്തശേഷം മരണം സംഭവിക്കുകയോ പേറ്റന്റ് ലഭിച്ചശേഷം മരണം സംഭവിക്കുകയോ ചെയ്യാൻ സാദ്ധ്യതയുണ്ടല്ലോ.

ഇതിൽ പേറ്റന്റ് ലഭിക്കുന്നതിനു മുമ്പാണ് മരണം സംഭവിക്കുന്നതെങ്കിൽ പേറ്റന്റ് ഫയൽ ചെയ്യുമ്പോൾത്തന്നെ തന്റെ കാലശേഷം പേറ്റന്റ് ആരുടെ പേരിൽ വേണമോ ആ ആളുടെ പേര് ഫോം 10-ൽ എഴുതി പേറ്റന്റ് അപേക്ഷയോടൊപ്പം സമർപ്പിക്കാം. ബാങ്കിൽ അക്കൗണ്ട് തുറക്കുമ്പോൾ നോമിനേഷൻ ഫോം നല്കുന്നതിനു സമാനമായി ഇതിനെ കാണാവുന്നതാണ്. അങ്ങനെയെങ്കിൽ പേറ്റന്റ് ഫയൽ ചെയ്ത വ്യക്തി മരിച്ചതിനുശേഷം കൺട്രോളറെ ബോദ്ധ്യപ്പെടുത്തിയാൽ പേറ്റന്റ് ആരുടെ പേർക്കാണോ നിർദ്ദേശിച്ചിരിക്കുന്നത്, ആ പേരിലേക്കു മാറും. അതിനുശേഷം ആ വ്യക്തിയുടെ പേരാണ് പേറ്റന്റിന്റെ ഉടമയായി കാണുക. എല്ലാ ബന്ധപ്പെട്ട രേഖകളിലും അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തും.

പേറ്റന്റ് ലഭിച്ചശേഷമാണ് പേറ്റന്റ് ഉടമ മരിക്കുന്നതെങ്കിൽ സാധാരണ സ്ഥാവര ജംഗമസ്വത്തുക്കളുടെ ഉടമ മരിച്ചാൽ ആരെല്ലാമാണോ അവകാശികൾ അവർക്കെല്ലാം പേറ്റന്റിന്റെ ഭാഗം (Share) അവകാശപ്പെടാം. ഫാം നമ്പർ 16-ൽ അപേക്ഷിച്ച് അനന്തരാവകാശികൾക്ക് പേറ്റന്റ് ഉടമയുടെ പേരു മാറ്റാനും വകുപ്പുണ്ട്. അതാതു രാജ്യങ്ങളിൽ സ്വത്തുക്കളുടെ അവകാശവുമായി ബന്ധപ്പെട്ട വകുപ്പുകൾ പൊതുവേ ബൗദ്ധികസ്വത്തവകാശത്തിനും ബാധകമാണ്. അതനുസരിച്ച് വിൽപത്രത്തിലൂടെ പേറ്റന്റ് അവകാശങ്ങളും അനന്തരാവകാശികൾക്ക് നിയമപരമായി കൈമാറ്റംചെയ്യാൻ സാധിക്കും.

പേറ്റന്റ് ഫയൽ ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് : https://kscste.kerala.gov.in/2019/06/07/patent-information-centre/

iprick.kscste@kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *