വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

ഡോ. ടി.പി.സേതുമാധവൻ

ഇന്ന് വിദേശ വിദ്യാഭ്യാസം താൽപര്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്നു. അഞ്ചു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശ ക്യാമ്പസ്സുകളിലുണ്ട്. അമേരിക്ക, യു കെ, ന്യൂസീലാൻഡ്, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ഫ്രാൻസ്, നെതർലൻഡ്‌സ്‌ എന്നിവയാണ് വിദ്യാർഥികൾ കൂടുതലായി ഉപരിപഠനത്തിനു തെരഞ്ഞെടുക്കുന്ന രാജ്യങ്ങൾ. ചൈന, റഷ്യ, ജോർജിയ, ഇറ്റലി, ഉക്രൈൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും യഥേഷ്ടം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. എന്നാൽ കോവിഡിന് ശേഷം ചൈനയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്.

ഉപരിപഠനത്തിനായി വിദേശരാജ്യം തെരഞ്ഞെടുക്കുമ്പോൾ ഉപരിപഠന മേഖലയ്ക്കിണങ്ങിയ രാജ്യം കണ്ടെത്തണം. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്സുകൾക്ക് അമേരിക്ക മികച്ച രാജ്യമാണ്. മാനേജ്മെന്റ് പഠനത്തിന് യുകെ, സിംഗപ്പൂർ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവ തെരഞ്ഞെടുക്കാം. എഞ്ചിനീറിങ്ങിനു ജർമ്മനിയും കാനഡയും മികച്ച രാജ്യങ്ങളാണ്.

നടപടിക്രമങ്ങൾ

താല്പര്യമുള്ള ഉപരിപഠന മേഖല കണ്ടെത്തണം. തുടർന്ന് ഇതിനിണങ്ങിയ രാജ്യങ്ങൾ തെരഞ്ഞെടുക്കണം. പ്രസ്‌തുത രാജ്യത്തെ മികച്ച സർവ്വകലാശാലകൾ കോളേജുകൾ എന്നിവ കണ്ടെത്തണം. രാജ്യങ്ങൾക്കനുസരിച് വിവിധ പ്രാവീണ്യ പരീക്ഷകളുണ്ട്. അമേരിക്കയിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫെലും  മറ്റുരാജ്യങ്ങളിൽ IELTS ഉം വേണം. നമ്മുടെ നാട്ടിലെ ബിരുദ പ്രോഗ്രാമിനെ വിദേശത്ത് അണ്ടർ ഗ്രാഡ് പ്രോഗ്രാമായും ബിരുദാനന്തര പ്രോഗ്രാമിനെ ഗ്രാഡ് വെറ്റ് പ്രോഗ്രാമുമായാണ് കണക്കാക്കുന്നത്.

പ്ലസ് ടു കഴിഞ്ഞ് UG പ്രോഗ്രാമിന് വിദേശത്തു പഠിക്കാൻ SAT/ ACT പരീക്ഷസ്‌കോറും, ഇംഗ്ലീഷ് പ്രാവീണ്യ സ്കോറും വേണം. ബിരുദാനന്തര പ്രോഗ്രാമിന് അമേരിക്കയിൽ GRE യും TOEFL ഉം വേണം. മാനേജ്മെൻറ് പഠനത്തിന് GMAT വേണം. കോവിഡിന് ശേഷം ചില സർവ്വകലാശാലകൾ പ്രാവീണ്യ പരീക്ഷയിൽ ഇളവ് വരുത്തിയീട്ടുണ്ട്.

വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥി ആദ്യം പാസ്സ്പോർട്ടിന് അപേക്ഷിക്കണം. തുടർന്ന് പ്രാവീണ്യ പരീക്ഷകൾക്ക് തയ്യാറെടുക്കണം. മൂന്നു മാസത്തെ തയ്യാറെടുപ്പ് ഇതിനാവശ്യമാണ്. മൊത്തം ഒരു വർഷം വിദേശപഠന തയ്യാറെടുപ്പിനാവശ്യമാണ്. വസ്തുനിഷ്ഠമായ രീതിയിൽ മൂന്നു പേജിൽ കവിയാതെ ബയോഡാറ്റ തയ്യാറാക്കി അഡ്മിഷന് ശ്രമിക്കുന്ന അഞ്ച് സർവ്വകലാശാലകളിലേക്കു ഇമെയിൽ വഴി അയക്കണം. എന്തിനാണ് വിദേശത്തു പഠിക്കാൻ താത്പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്ന സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് തയ്യാറാക്കണം. അപേക്ഷയോടൊപ്പം  സർട്ടിഫിക്കറ്റുകളുടെ ഇ കോപ്പി, ടെസ്റ്റ് സ്കോർ, റിസർച്ച് പ്രൊപോസൽ, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എന്നിവ ആവശ്യമാണ്.

സാമ്പത്തികം

അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചാൽ സ്കോളർഷിപ്പ്, ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ്ഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം. ദേശസാൽകൃത ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കും. പാർട്ട് ടൈം തൊഴിൽ ചെയ്ത് ജീവിതച്ചെലവ് കണ്ടെത്താം. അപേക്ഷിക്കാനും വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും ഏഴ് മാസത്തെ സമയം വേണ്ടിവരും.

എല്ലാ വിവരങ്ങളും വസ്തുനിഷ്ഠമായ രീതിയിൽ തയ്യാറാക്കണം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ അഡ്മിഷനു ശ്രമിക്കരുത്. WORLD UNIVERSITY, QS, THE റാങ്കിങ്ങ് വിലയിരുത്താം. വിദേശ പഠനത്തിനായി അതാത് രാജ്യങ്ങളിലെ എഡ്യൂക്കേഷൻ പ്രൊവൈഡേഴ്സ് ഉണ്ട്. അമേരിക്കയിൽ USIEF, യുകെയിൽ ബ്രിട്ടീഷ് കൗൺസിൽ, ജർമനിയിൽ DAAD, ഫ്രാൻ‌സിൽ ക്യാമ്പസ് ഫ്രാൻസ് തുടങ്ങിയവയുണ്ട് . ഇവയ്ക്ക് ഇന്ത്യയിൽ ഓഫീസുകളുണ്ട്. കൂടാതെ കോൺസുലേറ്റ്, എംബസ്സി എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും. അപേക്ഷയോടൊപ്പം രണ്ടു റഫറൻസ് കത്തുകളും, വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സാമ്പത്തിക സ്രോതസ്സിന്റെ തെളിവും ആവശ്യമാണ്. (ബംഗളൂരു ട്രാൻസ്‌ ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍. ഫോണ്‍ : 9846108992 )

 

Leave a Reply

Your email address will not be published. Required fields are marked *