ഒസാക്ക സർവ്വകലാശാല കേരളത്തിലെ സര്‍വ്വകലാശാലകളുമായി സഹകരിക്കും

ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയും കേരളത്തിലെ സര്‍വ്വകലാശാലകളും തമ്മില്‍ സഹകരണത്തിനുള്ള തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ താഗാ മസായുക്കിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. 2019 നവംബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദ മേഖലകളില്‍ സഹകരിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണം, മത്സ്യ സംസ്‌കരണം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ ജപ്പാന്റെ സഹകരണം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ജപ്പാനില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ജാപ്പനീസ് ഭാഷയിലുള്ള പരിശീലനം ഗുണം ചെയ്യും.  ചര്‍ച്ചയില്‍ ഉയര്‍ന്ന എല്ലാ വിഷയങ്ങളിലും അനുഭാവപൂര്‍ണ്ണമായി ജാപ്പനീസ് കോണ്‍സല്‍ ജനറല്‍ പ്രതികരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നെതർലണ്ട്സ് പിന്തുണ

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്‍റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നെതര്‍ലണ്ട്സ്

അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്സ് പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്‍റെ പാതയിലാണ്. നെതര്‍ലണ്ട്സിലെ സാങ്കേതിക സര്‍വ്വകലാശാലകളുമായി കൂടുതല്‍ മികച്ച രീതിയില്‍ സഹകരിക്കാന്‍ അവസരം ഉണ്ടാകണം. കേരളത്തിന്‍റെ വ്യവസായ മേഖലയില്‍ ഡച്ച് കമ്പനികളുടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരണമെന്ന അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

2018 ലെ പ്രളയത്തിനു ശേഷം നെതര്‍ലണ്ട്സില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും സഹായങ്ങളും ദുരന്ത നിവാരണ രംഗത്ത് കേരളത്തിനു മുതല്‍ക്കൂട്ടായി മാറിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റൂം ഫോര്‍ റിവര്‍ പദ്ധതി കുട്ടനാട് മേഖലയില്‍ പ്രളയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

പഴവര്‍ഗങ്ങളുടേയും പുഷ്പങ്ങളുടേയും കൃഷിയിലും മൂല്യവര്‍ദ്ധനവിനും ആവശ്യമായ ആധുനിക സാങ്കേതികതകള്‍ വികസിപ്പിക്കുന്ന മികവിന്‍റെ കേന്ദ്രങ്ങള്‍ നെതര്‍ലണ്ട്സ് സഹകരണത്തോടെ വയനാട് അമ്പലവയവയലില്‍ ആരംഭിച്ചിട്ടുണ്ട്. കൃഷി, ജല വിഭവം, സാങ്കേതിക വിദ്യാഭ്യാസം, കാലാവസ്ഥാ പ്രശ്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നെതര്‍ലണ്ട്സ് സംഘം സഹകരണം വാഗ്ദാനം ചെയ്തു. ഉപ്പുവെള്ള കൃഷി, പാലുല്പാദനം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഹകരിക്കും.

നെതര്‍ലണ്ട്സ് സാമ്പത്തിക ഉപദേഷ്ടാവ് ജൂസ്റ്റ് ഗീജര്‍, നെതര്‍ലണ്ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം സീനിയര്‍ പോളിസി ഓഫീസര്‍, ലൂയിറ്റ്-ജാന്‍ ഡിഖൂയിസ്, ബാംഗ്ലൂരിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഹെയ്ന്‍ ലഗെവീന്‍ എന്നിവരും അംബാസിഡർക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *