തൊഴിൽ നൈപുണ്യമുള്ളവർക്ക് ജർമ്മനിയിൽ അവസരങ്ങളേറെ
നഴ്സ്, നൈപുണ്യമികവുളള തൊഴിലാളികൾ എന്നിവർക്ക് ജർമ്മനിയിൽ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബെംഗളൂരുവിലെ
ജർമ്മനിയുടെ ഡെപ്യുട്ടി കോൺസൽ ജനറൽ ആനറ്റ് ബേസ്ലർ പറഞ്ഞു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
കെയർ ഹോമുകളിലും നഴ്സിംഗ് ജോലിക്ക് വലിയ അവസരങ്ങളുണ്ട്. ഇന്ത്യയിൽ നിന്നുള്ള തൊഴിൽ നൈപുണ്യമുളള ഉദ്യോഗാർത്ഥികളുടെ നിയമപരമായ കുടിയേറ്റത്തിന് വലിയ പ്രാധാന്യമാണ് ജർമ്മനി നൽകിയിട്ടുള്ളത്. ഇതിനായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ജർമ്മൻ ഭാഷാ പഠനത്തിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. നോർക്ക പോലെ പ്രൊഫഷണലായ സ്ഥാപനവുമായി സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ആനറ്റ് ബേസ്ലർ പറഞ്ഞു. നോർക്ക റൂട്ട്സിന്റെ ജർമ്മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതികൾ അജിത് കോളശേരി വിശദീകരിച്ചു. നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതികളുടെ പൂർത്തീകരണത്തിലെ കാലതാമസം 18 മാസത്തിൽ നിന്നു 12 ആയി കുറയ്ക്കാൻ സംയുക്തമായ നടപടികളിലൂടെ സാധിച്ചു.
റിക്രൂട്ട്‌മെന്റ് സമയം കുറയ്ക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ ജർമ്മൻ ട്രാൻസിലേഷൻ ഉൾപ്പെടെയുളള നിയമന നടപടികൾ വേഗത്തിലാക്കാൻ നടപടി വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ്, സെക്ഷൻ ഓഫീസർ ബി. പ്രവീൺ, അസിസ്റ്റന്റ് എസ്. ഷീബ എന്നിവർ പങ്കെടുത്തു.