രാജീവ് ഗാന്ധി സെന്റർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ശാസ്ത്ര ഗവേഷണ സ്‌ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും  കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റും
ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിൻ്റെ  ചേമ്പറിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺ കുമാറും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി  ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാപത്രം കൈമാറി.

സംയുക്ത ഗവേഷണ പദ്ധതികൾ, സാങ്കേതിക രംഗത്തെ സംയുക്ത സംരംഭങ്ങൾ, പരിശീലനം, വർക്ക്‌ഷോപ്പ് അടക്കമുള്ള വിവിധ പ്രവർത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

ബയോടെക്നോളജി-ബയോഇൻഫർമാറ്റിക്സ്   മേഖലയിൽ ന്യൂതന വിദ്യാഭ്യാസ പദ്ധതികൾ വികസിപ്പിക്കുന്നതിലും, ഗവേഷണ മാർഗനിർദ്ദേശം നൽകുന്നതിലും ഇരു സ്‌ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. ബയോടെക്നോളജി ഉൾപ്പെടെയുള്ള ശാസ്ത്രീയ മേഖലകളിൽ കേരളത്തിൽ നടത്തുന്ന ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് ധാരണാപത്രം വഴിയൊരുക്കും.