പ്ലസ് വൺ പ്രവേശനം:30 ശതമാനം വരെ  മാർജിനൽ സീറ്റ് വർദ്ധന

2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളും തുടരും

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും  മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളും തുടരും.

താല്ക്കാലികമായി അനുവദിച്ച രണ്ട് സയൻസ്  ബാച്ചുകളും താൽക്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *