ട്രാൻസ്ലേഷണൽ എൻജി: സാധ്യത തുറന്ന് ബാർട്ടൺഹിൽ ഗവ.എൻജി.കോളേജ്

അന്താരാഷ്ട്ര സര്‍വ്വകലാശാലകളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത് 22 വിദ്യാർഥികൾ

ട്രാൻസ്ലേഷണൽ എൻജിനീയറിങ് കോഴ്‌സിന്റെ സാധ്യതകളിലേക്ക് വഴിതുറന്ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവണ്മെന്റ് എൻജിനീയറിങ് കോളേജ്. എൻജിനീയറിങ് മേഖലയിൽ ട്രാൻസ്ലേഷണൽ റിസർച്ചിന്റെ ഭാവി സാധ്യതകൾ മുൻകൂട്ടിക്കണ്ട് ആരംഭിച്ച കോഴ്‌സ് മികച്ച കരിയർ സാധ്യത നൽകുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള എൻജിനീയർമാരെ വാർത്തെടുക്കുകയും ചെയ്യുന്നതാണ്. 2015 ലാണ് ട്രാൻസ്ലേഷണൽ എൻജിനീയറിങ് എന്ന പേരിൽ തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ എം. ടെക് ആരംഭിച്ചത്.

ഒരു വർഷം 18 വിദ്യാർഥികൾക്കാണ് പഠനത്തിന് അവസരം. ഇതിൽ എട്ട് സീറ്റുകൾ വിവിധ ഗവ. വകുപ്പുകളിൽ സർവ്വീസിലുള്ള എൻജിനീയർമാർക്കായി നീക്കി വെച്ചിരിക്കുന്നു. ഏതെങ്കിലും എൻജിനീയറിങ് വിഷയത്തിൽ ബി.ടെക് പൂർത്തിയാക്കിയ ട്രാൻസ്ലേഷണൽ എൻജിനീയർ ആകാൻ താത്പര്യമുള്ളവർക്ക് കോഴ്സിൽ ചേരാം. പ്രോജക്ട് വർക്കുകളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് പ്രോജക്ട് അസ്സിസ്റ്റൻസ് സ്‌കീമിൽ വിദ്യാർഥികൾക്ക് ആവശ്യമായ ധനസഹായവും ലഭിക്കും.

സമൂഹത്തിന് ഉതകുന്ന പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വൈദഗ്ധ്യവും സാമൂഹിക വിഷയങ്ങളിൽ പ്രശ്നപരിഹാരത്തിന് കഴിവുമുള്ള യുവ ട്രാൻസ്ലേഷണൽ എൻജിനീർമാരെ വാർത്തെടുക്കലുമാണ് കോഴ്സിന്റെ ലക്ഷ്യം. കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ നടത്തുന്ന ദ്വിവത്സര ട്രാൻസ്ലേഷണൽ എൻജിനീയറിങ് എം. ടെക് കോഴ്സിന് എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്.

വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, എൻ.ജി.ഒകൾ തുടങ്ങിയവരുമായി നിലനിൽക്കുന്ന സഹകരണ ഉടമ്പടികളും ധാരണാ പത്രങ്ങളും വിദ്യാർത്ഥികൾക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രോജക്ടുകളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ നൽകുന്നു. അന്താരാഷ്ട്ര തലത്തിൽ അഞ്ചു യൂണിവേഴ്സിറ്റികളുമായും ഈ സെന്ററിന് ഇന്റേൺഷിപ്പ്‌ ഉടമ്പടികളുണ്ട്. ഇതുവരെ 22 വിദ്യാർഥികൾ രണ്ടു മാസം ദൈർഘ്യമുള്ള അന്താരാഷ്ട്ര ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കി. അഞ്ചു വിദ്യാർത്ഥികൾക്ക് മദ്രാസ് ഐ.ഐ.ടി യുടെ റെസിഡൻഷ്യൽ കോഴ്സുകളിലൂടെ കെ.ടി.യു വിഭാവനം ചെയ്ത ക്രെഡിറ്റ് ട്രാൻസ്ഫർ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

സാമൂഹ്യ ഉത്തരവാദിത്ത ക്യാമ്പുകൾ, ഐ.ഐ.ടി. കളിലേക്കു നടത്തുന്ന സമ്പർക്ക സന്ദർശനങ്ങൾ, പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതി എന്നിവ ട്രാൻസ്ലേഷണൽ എൻജിനീയർമാരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. വിദ്യാർഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനത്തിനും നേതൃത്വ പാടവ വിപുലീകരണത്തിനും മാത്രമല്ല സംരംഭകത്വ പ്രവർത്തനങ്ങളിലും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാൻ ഈ കോഴ്‌സ് സഹായകമാണ്. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും കാര്യപ്രാപ്തിയുമാണ് മറ്റു വിഭാഗങ്ങളിൽ നിന്ന് ട്രാൻസ്ലേഷണൽ എൻജിനിയർമാരെ വ്യത്യസ്തരാക്കുന്നത്.

സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമിതികളിലും ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങൾ എടുക്കുന്ന അവസരങ്ങളിലും ട്രാൻസ്ലേഷണൽ എൻജിനീയർമാരുടെ/സയന്റിസ്റ്റുകളുടെ സേവനം നിർണ്ണായകമാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ട്രാൻസ്ലേഷണൽ റിസർച്ച് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡ് 200 കോടി രൂപ നടപ്പു സാമ്പത്തിക വർഷത്തിൽ മാറ്റിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *