കുട്ടികൾക്ക് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ രണ്ടായിരം പുസ്തകങ്ങൾ
തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ബുക്ക് ചലഞ്ചിൽ ശേഖരിച്ചത് രണ്ടായിരത്തിലധികം പുസ്തകങ്ങൾ. പൂജപ്പുരയിലെ ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ ഹോം, പൂജപ്പുര, നെട്ടയം, തിരുമല, വെഞ്ഞാറമൂട് എന്നീ സ്ഥലങ്ങളിൽ പെൺകുട്ടികൾ താമസിക്കുന്ന വിമൻ ആൻ്റ് ചിൽഡ്രൻസ് ഹോമുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് വായനാശീലം വളർത്തിയെടുക്കുന്നതിനായിട്ടാണ് ബുക്ക് ചലഞ്ച് തുടങ്ങിയത്. രണ്ടായിരത്തി എൺപതു പുസ്തകങ്ങളാണ് കുട്ടികൾക്കായി ശേഖരിച്ചത്.
കേരളാ സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു സംരംഭത്തിനായി ലീഗൽ
സർവീസസ് അതോറിറ്റി തയ്യാറായത്. പ്രശസ്ത എഴുത്തുകാരനും എം. പി.യുമായ ഡോ. ശശി തരൂർ, മാന്ത്രികൻ ഗോപിനാഥ് മുതുകാട്, കഥാകൃത്തുകളായ ബാബു കുഴിമറ്റം, പ്രമോദ് രാമൻ, നോവലിസ്റ്റ് ഷഹനാസ്, കല്ലിയൂർ ഗോപൻ തുടങ്ങിയ ഒട്ടേറെ എഴുത്തുകാരും പ്രശസ്ത കവികളും അവർ രചിച്ച പുസ്തകങ്ങൾ കയ്യൊപ്പിട്ടു നൽകി ചലഞ്ചിന് ഐക്യദാർഢ്യം പകർന്നു.
ജില്ലയിലെ ന്യായാധിപർ, അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ഗുമസ്തർ എന്നിവരെ കൂടാതെ പൊതു ജനങ്ങളും പുസ്തകങ്ങൾ നൽകി സഹായിച്ചു. ലോ ആൻറ് ജസ്റ്റിസ് ഫൗണ്ടേഷൻ, ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലിനിക്ക്, ലോയേഴ്സ് കൾച്ചറൽ ആൻറ് വെൽഫയർ ഫോറം എന്നീ സംഘടനകളും പുസ്തകങ്ങൾ നൽകി. പുസ്തകങ്ങൾ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ പി.വി.ബാലകൃഷ്ണൻ തിരുവനന്തപുരം ചിൽഡ്രൻസ്
ഹോമിലെത്തി കുട്ടികളെ ഏല്പിച്ചു. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ, ജില്ലാ വിമൻ ആൻ്റ് ചിൽഡ്രൻ ഓഫിസർ സബീനാ ബീഗം, ശിശുസംരക്ഷണ ഓഫീസർ ചിത്രലേഖ, പൂജപ്പുര ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എ.വി. ഷീജ എന്നിവർ പങ്കെടുത്തു.