‘കൈറ്റ് ‘ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പിന്തുണ നൽകും
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജന്‍സിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കൊച്ചിയിലെ നേവല്‍ ചില്‍ഡ്രൻസ് സ്കൂളിന് (എന്‍.സി.എസ്) എ.ഐ, റോബോട്ടിക്സ് ഉള്‍പ്പെടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പിന്തുണ നൽകും.
ഇതിനായുള്ള ധാരണാപത്രം എന്‍.സി.എസിൽ നടന്ന ചടങ്ങിൽ കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്തും എന്‍.സി.എസ് കൊച്ചി വൈസ് ചെയര്‍പേഴ്സണ്‍ കമാന്‍ഡര്‍ ബെന്‍. എച്ച്. ബേര്‍സണും ഒപ്പ് വെച്ചു. രാജ്യത്താദ്യമായി കേരളത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ റോബോട്ടിക്സും ഐ.ടിയും ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി സ്കൂളുകള്‍ക്ക് 29000 റോബോട്ടിക് കിറ്റുകളും കൈറ്റ് നല്‍കിയിരുന്നു. ഇതുപയോഗിച്ച് ഡിജിറ്റല്‍ സര്‍ഗാത്മകതയും, നൂതനത്വവും കുട്ടികളില്‍ വളര്‍ത്താന്‍ കൈറ്റ് ആവിഷ്കരിച്ച പദ്ധതികള്‍ ഇനി നേവൽ ചിൽഡ്രൻസ് സ്കൂളിലും നടപ്പാക്കാന്‍ കൈറ്റ് സഹായിക്കും.
അധ്യാപക പരിശീലനം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡിജിറ്റല്‍ ഉള്ളടക്കം, ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനം, കൈറ്റ് വിക്ടേഴ്സിന്റെ സഹായത്തോടെ ഡോക്യുമെന്റേഷന്‍ തുടങ്ങിയ മേഖലകളിലാണ് കൈറ്റിന്റെ പിന്തുണ നല്‍കുകയെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ദേശീയ തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് മാതൃകയായിട്ടുള്ള കൈറ്റിന്റെ പിന്തുണ എന്‍.സി.എസിന്റെ ദര്‍ശനം ഫലപ്രദമായി നടപ്പാക്കാന്‍ ഏറെ സഹായകമാകുമെന്ന് എന്‍.സി.എസ് വൈസ് ചെയര്‍മാന്‍ കമാന്‍ഡര്‍ ബെന്‍.എച്ച്. ബേർസൻ പറഞ്ഞു. കമാൻഡര്‍ എസ്.പാര്‍ത്ഥിപന്‍, പ്രിന്‍സിപ്പൽ അജീന തുടങ്ങിയവര്‍ സംസാരിച്ചു.




















