നാല് വർഷ കോഴ്സ് കോളേജുകളുടെ മുഖച്ഛായ മാറ്റുമെന്ന് മുഖ്യമന്ത്രി 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉപരിപ്ലവമായ പരിഷ്ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാർക്കൽ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത കൊല്ലം നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ മുഖച്ഛായ തന്നെ മാറും.

കലാ-കായിക രംഗത്തെ നേട്ടങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ്‌ ലഭിക്കും വിധമാണ് കോഴ്സ് പരിഷ്കാരം. ഈ നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. പൂർണമായും വിദ്യാർത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്- നവകേരള സദസ്സിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ  അഭിസംബോധന ചെയ്ത് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ മൂന്ന് വർഷമായി വലിയ തുകയാണ് സംസ്ഥാന സർക്കാർ ഗവേഷണ മേഖലയിൽ ചെലവഴിക്കുന്നത്.176 പേർക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചത്. മറ്റ് സ്കോളർഷിപ്പുകൾക്ക് പുറമെയാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്രയധികം പേർക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതികൾ മറ്റൊരു സംസ്ഥാനത്തുമില്ല. ഗവേഷണ മേഖലയിൽ മുടക്കുന്ന പണം ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നൊബേൽ ജേതാക്കളുടെ ഗവേഷണ സംഘത്തിൽ പോലും മലയാളികൾ ഉണ്ട്. എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. ഇൻ-ഹൗസ് എക്സലൻസ് നമുക്ക് സാധ്യമാകുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കണം.

ഗവേഷണ മേഖലയിൽ പ്രവേശിക്കുന്ന ഡോക്ടർമാർ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി ബയോമെഡിക്കൽ ഗവേഷണം ത്വരിതപെടുത്താൻ ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ഡോക്ടർമാർ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും. മെഡിക്കൽ കോളേജുകളിൽ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള എക്കോ സിസ്റ്റം രൂപീകരിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു,

അറിവ് നേടിയാൽ പോര അറിവിന്റെ രാഷ്ട്രീയം മനസിലാക്കണമെന്ന് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി തിരുവനന്തപുരം എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ രൂപകൽപ്പന ചെയ്ത ‘വീസാറ്റ്’ സാറ്റലൈറ്റ്, തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച സാനിറ്റയ്സർ കുഞ്ഞപ്പൻ-2  റോബോട്ട്, പാലക്കാട്ടെ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച തേങ്ങ ചിരകുന്ന യന്ത്രം എന്നിവ ഉന്നത വിദ്യാഭ്യാസമേഖലയിലെ ആശയങ്ങൾ വ്യാവസായിക ഉൽപ്പന്നങ്ങളായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങളായി എടുത്തുകാട്ടി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, എ.കെ ശശീന്ദ്രൻ, എളമരം കരീം എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, വൈസ് ചാൻസലർമാരായ പ്രൊഫ. എം.കെ. ജയരാജ്, പ്രൊഫ. സജി ഗോപിനാഥ്, പ്രൊഫ. എം.വി. നാരായണൻ, പ്രൊഫ. പി.ജി. ശങ്കരൻ, പി. എം. മുബാറക് പാഷ എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *